കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കൂട്ടി പുറത്തേക്ക് തന്നെയെന്ന് ഉറപ്പാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനുമോദിച്ച് പോസ്റ്റിട്ടതിന് ചോദിച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തില്‍ അബദുള്ളക്കുട്ടിയ്‌ക്കെതിരേ കോണ്‍ഗ്രസ് കടുത്ത നടപടിക്ക് മുതിരുന്നതായിട്ടാണ് വിവരം. അബ്ദുള്ളക്കുട്ടിയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.
നേരത്തേ മോഡിയെ പുകഴ്ത്തിയതിന് രൂക്ഷ വിമര്‍ശനമാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും നേരിട്ടത്. കോണ്‍ഗ്രസില്‍ നിന്നും കിട്ടിയ ആനുകൂല്യത്തിന്റെ മര്യാദ പോലും ഇല്ലാത്തയാള്‍ എന്നായിരുന്നു വിഎം സുധീരന്റെ വിമര്‍ശനം. അതിനിടയില്‍ തന്നെ അധികാരമോഹിയെന്നു വിളിക്കുന്നതു തമാശയാണെന്നു അബ്ദുള്ളക്കുട്ടി പറഞ്ഞു.കണ്ണൂര്‍ ജില്ലയിലെ മൂന്ന് എം.പിമാരും 8 എം.എല്‍.എമാരും സി.പി.എമ്മിന്റേതായിരുന്ന കാലത്താണ് കെ.സുധാകരനും കെ.സി.ജോസഫിനും മാത്രം നിയമസഭാ സീറ്റുണ്ടായിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസിലേക്കു താന്‍ വന്നത്. സി.പിഎം. വിട്ടു കോണ്‍ഗ്രസിലെത്തിയതു സീറ്റ് മോഹിച്ചല്ലെന്നു എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു.
2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച കെ.സുധാകരന്‍ എംപി ഒഴിവുവന്ന കണ്ണൂര്‍ നിയമസഭാ സീറ്റ് തനിക്കു ലഭിക്കാതിരിക്കാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ചു. സി.പി.എം. വിട്ട് കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടിയുടെ ആദ്യഘട്ടത്തിലെ സംരക്ഷകനായിരുന്നു കെ. സുധാകരന്‍. സുധാകരന്‍ രാജിവച്ച ഒഴിവില്‍ കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പു വന്നപ്പോള്‍, വിശ്വസ്തനായ കെ.സുരേന്ദ്രനു സീറ്റ് നല്‍കാനായിരുന്നു സുധാകരനു താല്‍പര്യം. ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു.
എന്നാല്‍ െഹെക്കമാന്‍ഡും സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിച്ചതിന്റെ ഫലമായി സീറ്റ് തനിക്കുതന്നെ ലഭിക്കുകയായിരുന്നു. 2011-ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് സുരേന്ദ്രനു വിട്ടുകൊടുക്കണമെന്നും പകരം സി.പി.എം. കോട്ടകളായ പയ്യന്നൂരോ, തളിപ്പറമ്പിലോ മല്‍സരിച്ചോളൂവെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ സിറ്റിങ് എം.എല്‍.എമാരും മല്‍സരിക്കട്ടെയെന്ന െഹെക്കമാന്‍ഡ് തീരുമാനത്തില്‍ അത്തവണയും കണ്ണൂര്‍ സീറ്റ് തനിക്കു ലഭിച്ചു.
ഇതിന്റെ പേരില്‍ സുധാകരനു തന്നോടു ദേഷ്യമുണ്ടായിരുന്നു. 2016-ല്‍ മണ്ഡലം മാറി മല്‍സരിക്കേണ്ടിവന്ന കോണ്‍ഗ്രസിലെ ഏക സിറ്റിങ് എം.എല്‍.എ. ഞാനാണ്. സിറ്റിങ് സീറ്റ് ഉപേക്ഷിച്ചു തലശേരിക്കു മാറിയതു സുധാകരന്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സുധാകരനു വേണ്ടി കണ്ണൂര്‍ സീറ്റില്‍നിന്നു മാറണമെന്നു പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി സുധാകരന്‍, സണ്ണി ജോസഫ്, കെ.സുരേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മാറാന്‍ തയാറാണെന്നും എന്നാല്‍ തന്നെ മാറ്റിയാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മറ്റൊരും ജയിക്കില്ലെന്നും അന്നേ പറഞ്ഞിരുന്നു. ഇതു മനസിലാക്കി സുധാകരന്‍ ഉദുമയില്‍ മല്‍സരിച്ചു. പകരം സതീശന്‍ പാച്ചേനിക്കു സീറ്റു കൊടുത്തു. അങ്ങനെ 2016-ല്‍ കണ്ണൂര്‍ സീറ്റ് െകെവിട്ടുപോയി.
മോഡിയുടെ വികസന നയത്തെ പുകഴ്ത്തിയതിനു വിശദീകരണം ചോദിച്ചുകൊണ്ടു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നോട്ടീസ് ലഭിച്ചതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ഇത്തരം നോട്ടിസ് അയയ്ക്കാന്‍ ഭരണഘടനാപരമായി തെിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കു മാത്രമേ കഴിയൂ. ഇപ്പോഴത്തേത്തു സമവായ കമ്മിറ്റിയാണ്. നോട്ടിസിനു മറുപടി നല്‍കണോയെന്ന് ആലോചിച്ചിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.