പിന്നോട്ടില്ലെന്ന് ഇരു വിഭാഗങ്ങളും ഉറപ്പിച്ചതോടെ, കേരളാ കോണ്‍ഗ്രസി(എം)ലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തില്‍നിന്നു ജോസ് കെ. മാണിയും നിയമസഭാ കക്ഷിയോഗം ചേരാമെന്ന നിലപാടില്‍നിന്നു പി.ജെ. ജോസഫും പിന്മാറാത്തതാണു പ്രശ്നം രൂക്ഷമാക്കുന്നത്. ആറിന് എറണാകുളത്തു പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ പി.ജെ. ജോസഫ് ഒരുങ്ങുമ്പോള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണു ജോസ് കെ. മാണിയും കൂട്ടരും. പിളര്‍പ്പിന്റെ സൂചനകള്‍ ശക്തമാക്കിക്കൊണ്ടാണു ഇരുപക്ഷവും നിലപാടു കടുപ്പിക്കുന്നത്.
സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന ആവശ്യം തള്ളി, പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ ജോസഫ് തീരുമാനിച്ചതോടെ സമ്മര്‍ദത്തിനോ സമവായത്തിനോ വഴങ്ങേണ്ടതില്ലെന്നു ജോസ് പക്ഷവും തീരുമാനിച്ചു. നിയമസഭകക്ഷി നേതാവിനെ ഈമാസം ഒമ്പതിനു മുമ്പു തെരഞ്ഞെടുക്കണമെന്ന സ്പീക്കറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനുള്ള തീരുമാനം. വിദേശത്തുള്ള മോന്‍സ് ജോസഫ് അഞ്ചിന് നാട്ടില്‍ തിരിച്ചെത്തിയശേഷം ആറിന് എറണാകുളത്തു യോഗം ചേരാനാണു തീരുമാനം.
എന്നാല്‍, സംസ്ഥാന കമ്മിറ്റി യോഗത്തിനുമുമ്പ് നിയമസഭാ കക്ഷി യോഗം വിളിച്ചാല്‍ പെങ്കടുക്കേണ്ടെന്നാണു ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാട്. പാര്‍ട്ടി ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്ത ചെയര്‍മാനാണു സഭാകക്ഷി യോഗം വിളിക്കേണ്ടതെന്ന് ഇവര്‍ പറയുന്നു. ചെയര്‍മാനെ തെരഞ്ഞെടുക്കാതെ നിയമസഭാകക്ഷി യോഗം വിളിച്ചാല്‍ ഇതിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും. കോട്ടയം പാര്‍ലമെന്റ് സീറ്റിന്റെ പേരിലുള്ള പേരാട്ടത്തില്‍ നഷ്ടമായ മേധാവിത്വം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണു ജോസഫ്. ചെയര്മാന് സ്ഥാനത്തിന്റെ പേരില്‍ ലഭിച്ച അവസരം മുതലാക്കാനും ഇനി ഒത്തുതീര്‍പ്പിനില്ലെന്നും ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു.
ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയുള്ള ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടിതില്ലെന്നും ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. സി.എഫ്. തോമസിനെ ചെയര്‍മാനാക്കിയുള്ള ഒത്തുതീര്‍പ്പു ഫോര്‍മുലയും ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സഭാ നേതൃത്വത്തെയും ജോസഫ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സി.എഫ്. ചെയര്‍മാനായാല്‍ ജോസഫ് വര്‍ക്കിങ് ചെയര്‍മാനും നിയമസഭാകക്ഷി നേതാവുമാകും. ജോസഫ് ചെയര്‍മാനായാല്‍ ജോസ്. കെ. മാണി വര്‍ക്കിങ് ചെയര്‍മാനും സി.എഫ് നിയമസഭാകക്ഷി നേതാവുമാകും. എന്നാല്‍, ചെയര്മാന് പദവിയൊഴികെയുള്ള ഒരു ഒത്തുതീര്‍പ്പിനും ജോസ് കെ. മാണി വിഭാഗം തയാറല്ല.അതേസമയം, പ്രശ്നം പരിഹരിക്കാന്‍ കത്തോലിക്കാ സഭ ശക്തമായി ഇടപെടുന്നുണ്ട്.
അതേസമയം, ജയകൃഷ്ണന് പുതിയേടത്തിനെ പുറത്താക്കിയ നടപടി അംഗീകരിക്കുന്നില്ലെന്നു പാര്‍ട്ടി ഇടുക്കി ജില്ലാ ഓഫീസ് ചാര്‍ജ് സെക്രട്ടറിയും സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ രാരിച്ചന്‍ നീറണാക്കുന്നേല്‍ പറഞ്ഞു. പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഗ്രൂപ്പ് താല്പര്യത്തിന്റെ പേരില്‍ എടുത്ത നടപടി നിലനില്‍ക്കുന്നതല്ലെന്നും പാര്‍ട്ടി ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയെ പുറത്താക്കണമെങ്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിക്കു മാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയില്‍ വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ക്കൂം ഗ്രൂപ്പു പരിപാടികള്‍ക്കും പരസ്യമായും രഹസ്യമായും നേതൃത്വം കൊടുക്കുന്നതു പാര്‍ട്ടി ജില്ലാ പ്രസിഡന്റായ പ്രഫ. എം.ജെ. ജേക്കബാണ്. ജില്ലയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുവാന്‍ ചുമതലയുള്ള ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നും രാരിച്ചന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി മൂന്നു രൂപതാധ്യക്ഷന്മാര് ഇരുവിഭാഗം നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നാണു വിവരം. ഇന്നലെയും ഇത്തരത്തില്‍ നീക്കം നടന്നിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നില്‍ വരുന്നില്ലെങ്കിലും സി.എഫ്. തോമസും പിളര്‍പ്പ് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, പാര്‍ട്ടി പോര് പലയിടങ്ങളിലും സംഘര്‍ഷത്തിലേക്കു വഴിതെളിച്ചേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. അടക്കമുള്ള നേതാക്കളുടെ വീടിനു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെയര്മാന് സ്ഥാനത്തിനു വേണ്ടിയുടെ തര്‍ക്കങ്ങളുടെ ഭാഗമായുള്ള കോലം കത്തിക്കലിന്റെ പേരിലും കേരളാ കോണ്‍ഗ്രസി(എം)ല്‍ ആരോപണ പ്രത്യാരോപണങ്ങള്‍. കഴിഞ്ഞ ദിവസം പി.ജെ. ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും കോലം കത്തിച്ചതിന്റെ പേരില്‍ പാര്‍ട്ടി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന് പുതിയേടത്തിനെതിരേ നടപടിയെടുത്തതോടെയാണു പോര് ശക്തമായത്. കോലം കത്തിക്കുന്നതിനോടു യോജിപ്പില്ലെന്നും ജയകൃഷ്ണനെതിരേ ഇടുക്കി ജില്ലാ പ്രസിഡന്റ് നടപടിയെടുത്തതു വാര്‍ത്തയ്ക്കു വേണ്ടിയാണെന്നും മാണി വിഭാഗം പറയുന്നു. കടുത്തുരുത്തിയില്‍ ജോസ് കെ. മാണിയുടെ കോലം കത്തിക്കാന്‍ നേതൃത്വം വഹിച്ച െവെക്കം നിയോജക മണ്ഡലം പ്രസിഡന്റും ജോസഫിന്റെ അടുത്ത ബന്ധുവുമായ പോള്സണെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ഇവര്‍ ചോദിക്കുന്നു.