മഹാരാഷ്ട്രയിലെ അമരാവതിയില്‍ എന്‍സിപി–കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച നടി നവനീത് കൗര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്‍റെ ഭാഗമായാണ് നടപടി .

നിലവില്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ 52 അംഗങ്ങളുണ്ട്. 54 സീറ്റുണ്ടെങ്കിലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. ഈ പശ്ചാത്തലത്തിലാണ് ഒരു സ്വതന്ത്രയുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചത് . നാലു സീറ്റുള്ള എന്‍സിപിയുമായി ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്വതന്ത്രരെ ഒപ്പം കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ശനിയാഴ്ച രാവിലെ ചേരുന്നുണ്ട് . ലോക്സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുകയാണ് പ്രധാന അജന്‍ഡ. തിരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ഗാന്ധി കക്ഷിനേതാവാകണമെന്ന് അംഗങ്ങള്‍ സമ്മര്‍ദം ചെലുത്തും.

കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചാല്‍ ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവര്‍ക്ക്  സാധ്യതയുണ്ട്.