സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി പതഞ്ഞുപൊങ്ങുന്ന ഫുള്‍ ജാര്‍ സോഡയെക്കുറിച്ച് വിശദമാക്കുന്ന ഡോക്ടറുടെ കുറിപ്പ് വൈറലാകുകയാണ്.

ഡോക്ടര്‍ ഷിംന അസീസാണ് ഫോസ്ബുക്ക് കുറിപ്പിലൂടെ ഫുള്‍ ജാര്‍ സോഡയെക്കുറിച്ച് വിശദമാക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡ് കലര്‍ത്തിയ ഫുള്‍ ജാര്‍ സോഡയിലെ അമിതമായ എരിവും മറ്റും ശരീരത്തിന് ഹാനികരമാണ്. മാത്രമല്ല വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ഇത്തരം പാനീയങ്ങള്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍ പറയുന്നു.

ഡോക്ടര്‍ ഷിംന അസീസീന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഏത്‌ സോഷ്യൽ മീഡിയ ആപ്പ്‌ തുറന്നാലും ഫുൾജാർ സോഡയും വേറേതാണ്ട്‌ സോഡയുമൊക്കെ നിറഞ്ഞ്‌ കവിഞ്ഞ്‌ ഒഴുകുകയാണ്‌. നോമ്പ് തുറന്ന്‌ കഴിഞ്ഞാൽ പിന്നെ സർവ്വം പതപതാന്ന്‌ ഒഴുകണം. കണ്ടിട്ട്‌ പേട്യാകുന്നത്‌ പോരാഞ്ഞിട്ട്‌ ചേരുവകൾ എന്താന്ന്‌ കേട്ടിട്ടും പേട്യാവ്‌ണുണ്ട്‌. പാവം ആമാശയം !

ബൈ ദ വേ, ഈ സോഡ എന്ന്‌ പറയുന്ന കാർബൺ ഡയോക്‌സൈഡ്‌ വാതകം കലക്കിയ വെള്ളം അഥവാ കാർബോണിക്‌ ആസിഡ്‌ ആരോഗ്യത്തിന്‌ നല്ലതാണോ കുട്ടികളേ? ദഹനത്തിന്‌? സ്‌ഥിരമായി കുടിച്ചാൽ വായിലെ പല്ല്‌ മുതൽ സകല സിസ്‌റ്റംസിനും ഹാനികരമാകാവുന്ന സാധനമാണ്‌ സോഡ. ദഹനം സുഗമമാക്കാൻ എന്നും ഗ്യാസ്‌ കളയാൻ എന്നും പറഞ്ഞ്‌ സോഡ കുടിക്കുമ്പോൾ തികട്ടി വരുന്നത്‌ നിങ്ങളുടെ ദഹനവ്യൂഹത്തിലെ ഗ്യാസാവണമെന്ന്‌ പോലുമില്ല.

സോഡയിൽ കുത്തിക്കേറ്റിയ ഗ്യാസെന്നാ സുമ്മാവാ? ‘ഹേം’ എന്ന്‌ ഒട്ടകത്തെ അനുസ്‌മരിപ്പിക്കുന്ന സൗണ്ടുണ്ടാക്കുമ്പോ വെറുതേ ഒരു മന:സുഖം, അല്ലാതെന്ത് ! എന്നാലും നിങ്ങൾക്ക്‌ അൺസഹിക്കബിൾ സോഡാക്രാന്തം വരുന്നുണ്ടേൽ ഫിൽറ്ററിൽ നിന്നെടുത്ത വെള്ളത്തിലോ തിളപ്പിച്ചാറിയ വെള്ളത്തിലോ സോഡ മേക്കറിൽ ഡിഷ്‌ക്യൂന്ന്‌ പറഞ്ഞ്‌ സോഡയുണ്ടാക്കിയോ വിശ്വസിക്കാവുന്നിടത്ത്‌ നിന്ന്‌ വാങ്ങിയോ എപ്പഴേലും കുടിച്ചാൽ സാരമില്ലാന്ന്‌ കരുതാം.

ഇങ്ങള്‌ കഥാപ്രസംഗം നടത്തി ബേജാറാക്കാണ്ട്‌ ഫുൾജാറിന്റെ കഥ പറയീ എന്നാണോ? പകൽ നോമ്പെടുത്ത്‌ വൈകുന്നേരം മേൽ പറഞ്ഞ സോഡയും എക്‌സ്‌ട്രീം എരിവുള്ള, കുടിച്ചാൽ സ്വർഗോം നരകോം പാതാളോം കടലിന്റടിത്തട്ടും ഒന്നിച്ച്‌ കാണിക്കുന്ന കാന്താരി മുളകും ഇഞ്ചിയും പുതിനയും നാരങ്ങനീരും കസ്‌കസും ഒന്നിച്ച്‌ ചേർത്ത ഫുൾജാർ എങ്ങനെ നോക്കിയാലും അനാരോഗ്യകരമാണ്‌. നോമ്പെടുത്തിട്ടില്ലെങ്കിൽ പോലും വയറ്റിൽ സുനാമിയുണ്ടാക്കുന്ന ഈ വസ്‌തു കുടിക്കുന്ന ത്രില്ലിനപ്പുറം (എന്തരോ എന്തോ) ഒരു കുന്തവും തരാൻ പോണില്ല.

കഴിഞ്ഞ ദിവസം ഈ ജാർ കുടിക്കാൻ പോയ മനുഷ്യരെല്ലാം കൂടി എങ്ങാണ്ട്‌ ട്രാഫിക് ജാം ഉണ്ടാക്കിയെന്നും കേട്ടു. അത്തരം കടകളിൽ ഗ്ലാസ്‌ കഴുകുന്നതിന്റെ അവസ്‌ഥ അറിയാമോ? മഞ്ഞപ്പിത്തം തൊട്ട്‌ രോഗങ്ങളുടെ ലിസ്റ്റെടുക്കാം. ജനിച്ചിട്ട്‌ വെള്ളം കാണാത്ത, സോഡയിലേക്ക്‌ പ്ലുക്കോ എന്നിടുന്നത്‌ വഴി ബൈ ഡീഫോൾട്ട്‌ വൃത്തിയാകുമെന്ന്‌ വിശ്വസിക്കപ്പെടുന്ന വൈൻ ഗ്ലാസും ബ്ലും ബ്ലുംന്ന്‌ പതഞ്ഞൊഴുകുന്നതോണ്ട്‌ വല്ല്യ കഴുകൽ പ്രക്രിയ നടക്കാത്ത അണ്‌ഡാവ്‌ പോലത്തെ ആ വല്ല്യ ഗ്ലാസും അസ്സൽ രോഗവാഹകരാണ്‌.

ആ വൈൻ ഗ്ലാസിന്റെ അടീലുള്ള ഇച്ചീച്ചി ബേ മൊത്തം വയറ്റിലേക്കാണ്‌ എന്നതുമോർക്കണം. കാന്താരിമുളക്‌ അരച്ചത്‌ കലക്കിയാൽ നീറാനുള്ള കണ്ണോ ഇറങ്ങിയോടാനുള്ള കാലോ ബാക്‌ടീരിയക്കും വൈറസിനുമില്ല. ഇതിലും കിടിലം പാനീയങ്ങളുണ്ടാക്കീട്ട്‌ അവർ അവരുടെ ജോലി കൃത്യമായി ചെയ്യാതിരുന്നിട്ടുമില്ല. രോഗമുണ്ടാക്കുന്ന കാര്യത്തിൽ അതുങ്ങൾക്ക്‌ ഒരു ജാതി വൃത്തികെട്ട ഡെഡിക്കേഷനാണ്‌. കൊണ്ടേ പോകൂ.

തുപ്പൽ വഴിയും മലിനമായ ജലം വഴിയും എന്തോരം അസുഖം വരാം എന്നറിയോ? ഗ്ലാസ്‌ കഴുകുന്ന വെള്ളവും സോഡയുണ്ടാക്കുന്ന വെള്ളവും ഒക്കെ മാത്തമാറ്റിക്സാണ്‌ സേട്ടാ… E.Coli എന്ന ബാക്‌ടീരിയയെ പറ്റി കേട്ടിട്ടുണ്ടോ? ഇപ്പോ കേട്ടല്ലോ, അവരേത്‌ വഴിയാ വരുന്നേന്ന്‌ കൂടി പോയി ഗവേഷിക്കൂ.

മൊത്തത്തിൽ, ബയോളജിക്കലി ആന്റ്‌ മെഡിക്കലി സ്‌പീക്കിംഗ്‌ നല്ല അലമ്പ് ഐറ്റമാണിത്‌. നല്ല ഓപറേറ്റിംഗ് സിസ്‌റ്റവും ഹാർഡ്‌വെയറുമായി ജനിച്ച്‌ വീണതല്ലേ ? വെറുതേ സിസ്‌റ്റം ഹാങ്ങാവുന്ന പ്രോഗ്രാം റൺ ചെയ്യല്ലേ. പോയി ഇച്ചിരെ നാരങ്ങാവെള്ളം കലക്കി കുടിക്കൂ. അതില്‌ പുതിനയിലയോ അണ്ടിപ്പരിപ്പോ ഏലക്കാപ്പൊടിയോ ഇഞ്ചിയോ പൈനാപ്പിളോ ഒക്കെ ഓരോ ദിവസമായി ചേർത്ത്‌ നോക്കൂ. എഴുതുമ്പോ തന്നെ ഒരു കുളിര്‌. ഉണ്ടാക്കി കുടിക്കുമ്പോ എന്ത്‌ രസായിരിക്കും. ഒരു ജാർ ഫുൾ ഉണ്ടാക്കി മോന്തിക്കോളൂ.

ഇനി ഫുൾജാർ സോഡ തന്നെ വേണോ? വൃത്തിയുടെ കാര്യത്തിൽ അത്ര വിശ്വാസമുള്ളിടത്ത്‌ നിന്നോ യൂട്യൂബ്‌ നോക്കി വീട്ടീന്നോ ഉണ്ടാക്കി വല്ലപ്പോഴും കുടിച്ചോളൂ. ഏതായാലും റോട്ടിൽ കിട്ടുന്ന ജാറ്‌ കഴിവതും മാണ്ട, പണിയാകും. നിങ്ങൾക്ക്‌ മാത്രല്ല, ഞങ്ങൾ ഡോക്‌ടർമാർക്കും.