ട്രയിനില്‍ യാത്ര ചെയ്യവേ മകളെ കാണാതായെന്നും വിവരം ലഭിക്കുന്നവര്‍ അറിയക്കണമെന്നും അഭ്യര്‍ത്ഥിച്ച് ശിവാജി എന്നയാള്‍ ഇന്നലെയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. എന്നാല്‍ ഇതുവരെ പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവും വിഷ്ണുപ്രിയയുടെ കുടുംബത്തിന് ലഭിച്ചിട്ടില്ല. ചോറ്റാനിക്കരയിലെ അമ്മവീട്ടില്‍ നിന്നും വയനാട്ടിലെ കാക്കവയലുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് വിഷ്ണുപ്രിയയെ കാണാതായത്.

വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്നും ട്രെയിന്‍ കയറിയ വിഷ്ണുപ്രിയ പിന്നെ വീടെത്തിയില്ല. ശനിയാഴ്ച രാവിലെ ആറ് മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതാണ്. തുടര്‍ന്നാണ് വിഷ്ണുപ്രിയയുടെ അച്ഛൻ ശിവാജി സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിഷ്ണുപ്രിയക്ക് സ്വന്തമായി ഫോണില്ല. വയനാട് മീനങ്ങാട് പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കൂടുതല്‍ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മീനങ്ങാടി പൊലീസ് സ്റ്റേഷൻ എസ് ഐ പറഞ്ഞത്. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ വിളിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും മകളെ കുറിച്ച് കൂടുതല്‍ വിവരം കിട്ടിയിട്ടില്ലെന്ന് വിഷ്ണു പ്രിയയുടെ അച്ഛൻ ശിവാജി പറയുന്നു.