സായ് പല്ലവിയുടെ നൃത്തച്ചുവടുകൊണ്ട് ശ്രദ്ധനേടിയ ‘റൗഡി ബേബി’ എന്ന ​ഗാനത്തിന് പുതിയ റേക്കോർഡ്. റിലീസ് ചെയ്ത് അഞ്ച് മാസമാകുമ്പോൾ 50 കോടിയിലധികം പേരാണ് റൗഡി ബേബി യുട്യൂബിൽ കണ്ടത്. തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് നായകയാനെത്തിയ മാരി–2 വിലേതാണ് റൗഡി ബേബി ഗാനം.

മികച്ച ഡാൻസറായ ധനുഷിന്റെ പ്രകടനത്തെ വെല്ലുന്നതാണ് റൗഡി ബേബിയിൽ സായ് പല്ലവിയുടെ ചുവടുകളും ഭാവപ്രകടനങ്ങളും എന്നാണ് ആരാധകരുടെ അഭിപ്രായം. സാധാരണ നായകന്മാർ മാത്രം ചെയ്യുന്ന ഫാസ്റ്റ് നമ്പർ സ്റ്റെപ്പുകളാണ് ധനുഷിനൊപ്പം സായ് പല്ലവി ചുവടുവച്ചത്. ചുവടുകൾക്കൊപ്പം സായ് പല്ലവിയുടെ അഭിനയവും ആരാധകരുടെ മനം കവർന്നു.

പ്രഭുദേവയാണ് ഗാനത്തിന്റെ കൊറിയോഗ്രഫർ. ധനുഷും ദീയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് യുവൻ ശങ്കർരാജയാണ്. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ഒരു കോടിയോളം പേരാണ് റൗഡി ബേബി ഗാനം യുട്യബിൽ കണ്ടത്. ടിക്-ടോക്കിലടക്കം വൈറലായ ഗാനം യുട്യൂബ് ട്രെൻഡിങ്ങിലും ഒന്നാമതെത്തിയിരുന്നു.