ചിത്രീകരണത്തില്‍ തന്നെ റെക്കോഡുകള്‍ സൃഷ്ടിച്ച മമ്മൂട്ടിയുടെ മാമാങ്കം വന്‍ റീലസിനൊരുങ്ങുന്നതായി സൂചനകള്‍. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രമെത്തിയേക്കും. വമ്പന്‍ റിലീസായി തന്നെയായിരിക്കും ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ ആണ് ചിത്രത്തിന്റെ റിലീസുണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. ഉണ്ണി മുകുന്ദന്‍, അരവിന്ദ് സാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മോഹന്‍ തുടങ്ങിയവരാണ് മാമാങ്കത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

കണ്ണൂര്‍, ഒറ്റപ്പാലം വരിക്കാശ്ശേരിമന, അതിരപ്പിള്ളി, വാഗമണ്‍, കളമശ്ശേരി വനമേഖല എന്നിവിടങ്ങളിലെ ചിത്രീകരണം കഴിഞ്ഞാണ് നെട്ടൂരില്‍ അവസാന ഷെഡ്യൂള്‍ തുടങ്ങിയിരിക്കുന്നത്. ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് സിനിമ പറയുന്നത്. ഭാരതപുഴയുടെ തീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്നും അറിയുന്നു.

അതേസമയം മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രം വൈറലായി മാറിയിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള കൂറ്റന്‍ സെറ്റിന്റെ ഒരു ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. എറണാകുളത്താണ് മാമാങ്കത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും നടന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ എറ്റവും വലിയ സെറ്റുകളാണ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്.