2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയ ശ്രീലങ്കയ്ക്ക് നാണക്കേടിന്റെ ഒരുപിടി റെക്കോര്‍ഡുകളും. മത്സരത്തിന് മുന്‍പേ ദുര്‍ബലരെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശ്രീലങ്കയ്ക്ക് ഒരവസരത്തിലും പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാനായില്ല. അട്ടിമറി പ്രതീക്ഷിച്ച ശ്രീലങ്കന്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു മത്സരം.

ന്യൂസിലന്‍ഡിനെതിരെ 10 വിക്കറ്റിനാണ് ശ്രീലങ്ക അടിയറവ് പറഞ്ഞത്. ലോകകപ്പില്‍ ഇന്നേവരെ 10 വിക്കറ്റിന്റെ തോല്‍വി അറിയാതിരുന്ന ടീം കരുണരത്‌നെയ്ക്കു കീഴില്‍ നാണംകെട്ടു. കൂടാതെ ലോകകപ്പിലെ ശ്രീലങ്കയുടെ രണ്ടാമത്തെ ചെറിയ ഇന്നിങ്സായിരുന്നു കാര്‍ഡിഫില്‍ പിറന്നത്. ശ്രീലങ്ക ഉയര്‍ത്തിയ സ്‌കോര്‍ ന്യൂസിലന്‍ഡ് കേവലം 16.1 ഓവറില്‍ പിന്തുടര്‍ന്ന് ജയിക്കുകയും ചെയ്തു. ഇതോടെ ലോകകപ്പില്‍ മൂന്നുതവണ പത്ത് വിക്കറ്റ് ജയം നേടുന്ന ആദ്യ ടീമായി കിവീസ്.

ഇന്ത്യയ്‌ക്കെതിരെയായിരുന്നു ശ്രീലങ്കയുടെ ചെറിയ ഇന്നിങ്‌സ്. അന്ന് 23 ഓവര്‍ മാത്രമായിരുന്നു ശ്രീലങ്കയുടെ ഇന്നിങ്‌സ് നീണ്ടുനിന്നത്. 109 റണ്‍സിന് പുറത്തായ അവര്‍ 183 റണ്‍സിനാണ് ഇന്ത്യയോട് തോറ്റത്. കാര്‍ഡിഫില്‍ 29.2 ഓവര്‍ മാത്രം ബാറ്റ് ചെയ്ത് 137 റണ്‍സ് വിജയലക്ഷ്യമാണ് അവര്‍ കുറിച്ചത്.

ഇന്നിങ്‌സില്‍ രണ്ടക്കം കടക്കാത്ത ബാറ്റ്‌സ്മാന്മാരുടെ എണ്ണത്തില്‍ തങ്ങളുടെ തന്നെ റെക്കോര്‍ഡിനൊപ്പമെത്തി ശ്രീലങ്ക. 1999ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 8 കളിക്കാര്‍ രണ്ടക്കം കാണാതെ പുറത്തായിരുന്നു. ന്യൂസിലന്‍ഡിനെതിരെയും സമാനപ്രകടനം ആവര്‍ത്തിച്ചു. ന്യൂസിലന്‍ഡിനെതിരെ ഡക്കില്‍ പുറത്താകുന്നതില്‍ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസും ഒരു മോശം റെക്കോര്‍ഡ് തന്റെ പേരിലാക്കി. പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹഫീസും, മാത്യൂസും ന്യൂസിലന്‍ഡിനെതിരെ 6 തവണ റണ്ണൊന്നുമെടുക്കാതെ പുറത്തായിട്ടുണ്ട്.