കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന ആരോപണ കേസിലെ മൂന്നാം പ്രതി ആദിത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സഭാ ഇടവക. ജാമ്യം കിട്ടിയ ആദിത്യക്ക് തേവര കോന്തുരുത്തി ഇടവക സമൂഹം വലിയ സ്വീകരണമാണ് നല്‍കിയത്. അതിരൂപതയും ആദിത്യക്ക് പിന്തുണമായി ഉണ്ട്. ജയിലിലും കസ്റ്റഡിയിലുമായിരിക്കുമ്പോള്‍ തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും ഇടവകക്കാര്‍ക്കും അതിരൂപതയിലുള്ളവര്‍ക്കും ആദിത്യ നന്ദി പറഞ്ഞു.

വൈദികരുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ യോഗത്തിലേക്ക് നൂറു കണക്കിന് ആളുകളാണ് എത്തിയത്. കേസില്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലായിരുന്ന ആദിത്യയുടെ അറസ്റ്റ് ഞായറാഴ്ചയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ആദിത്യ ബുധനാഴ്ച ജാമ്യത്തിലിറങ്ങി. കസ്റ്റഡി മര്‍ദനത്തില് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനാല്‍ മൂന്ന് ദിവസത്തോളമുള്ള ആശുപത്രി വാസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.