പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരോടും അതിഥികളോടും അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്‌തെന്നുമാണ് പരാതി. സംഭവത്തെത്തുടര്‍ന്ന് ഇഫ്താര്‍ വിരുന്നിനെത്തിയ ഒട്ടേറെ അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി.

കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം ഒട്ടേറെ പേരെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. പലര്‍്ക്കും സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ദേഹോപദ്രവം ഏല്‍ക്കുകയുണ്ടായി. വിരുന്നിനെത്തിയ ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ചെയ്തു.

സുരക്ഷാ പരിശോധനയുടെ പേരില്‍ അതിഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ക്ഷമാപണം നടത്തി. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇസ്ലാമാബാദില്‍ നേരത്തെയും സമാന സംഭവങ്ങളുണ്ടായിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇന്റര്‍നെറ്റ്, വൈദ്യുതി ബന്ധം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചത് ഏറെ വിവാദമായിരുന്നു.