കത്തോലിക്ക ബിഷപ്പുമാരുടെ അനുരഞ്ജന നീക്കവും പാളിയതോടെ കേരള കോണ്‍ഗ്രസ് അനിവാര്യമായ പിളര്‍പ്പിലേക്കു നീങ്ങുകയാണെന്നു സൂചന. ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫും ജോസ് കെ. മാണി ഗ്രൂപ്പിലെ റോഷി അഗസ്റ്റിനും തമ്മില്‍ രൂക്ഷമായ വാക്‌പോരുകള്‍ ഉണ്ടായ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ പിളര്‍പ്പ് ഉടനെയുണ്ടാകുമെന്നു കഴിഞ്ഞ ദിവസം ബോധ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബിഷപ്പുമാര്‍ ഇടപെട്ട് സി.എഫ്. തോമസിനെ ചെയര്‍മാനാക്കുന്ന ഫോര്‍മുല മുന്നോട്ടു വച്ചത്. എന്നാല്‍ കടുത്തുരുത്തിയില്‍ ജോസ് കെ. മാണിയുടെ കോലം എതിര്‍ ഗ്രൂപ്പുകാര്‍ കത്തിച്ചതോടെ ഇനി ഒരു ഒത്തുതീര്‍പ്പും വേണ്ടെന്ന നിലപാടിലൂടെയാണ് മാണി വിഭാഗം. ഇതിനു മുന്നോടിയായി ഇന്നലെ ജോസഫിന്റെ കോലം ജോസ് കെ. മാണിയെ അനുകൂലിക്കുന്നവര്‍ കോട്ടയത്ത് കത്തിക്കുകയും ചെയ്തു.

ഇതിനിടെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി വീണ്ടും രംഗത്തുവന്നു. ആക്ടിങ് ചെയര്‍മാന്‍, താല്‍ക്കാലിക ചെയര്‍മാന്‍ എന്ന തസ്തികകളൊന്നും പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.ജെ. ജോസഫ് ചെയര്‍മാനാണെന്നു പറഞ്ഞ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും. 54 വര്‍ഷം കെ.എം. മാണി കഷ്ടപ്പെട്ട് വളര്‍ത്തിയ പാര്‍ട്ടിയെ തകര്‍ക്കാന്‍ സമ്മതിക്കില്ലെന്നുമാണു ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ ജോസ് കെ. മാണിയുടെ ഈ വാദത്തെ തളളിപ്പറഞ്ഞു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം രംഗത്തുവന്നു. കേരളാ കോണ്‍ഗ്രസ്(എം) ഭരണഘടനയിലെ വകുപ്പ് 29 പ്രകാരം ചെയര്‍മാന്റെ നിര്യാണത്തെത്തുടര്‍ന്നു ചെയര്‍മാന്റെ ചുമതലകളും അധികാരങ്ങളും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫില്‍ നിക്ഷിപ്തമാണെന്നു ജോയി ഏബ്രഹാം വ്യക്തമാക്കി. ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തര്‍ക്കം നിയമപോരാട്ടത്തിലെത്തും.

ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും പാര്‍ട്ടിയുടെ ഭരണഘടന തങ്ങള്‍ക്ക് അനുകൂലമാണെന്നാണു പറയുന്നത്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണു ചെയര്‍മാന്റെ എല്ലാ അവകാശവും അധികാരവുമെന്നാണ് ജോസഫ് പക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതിന് നേരെ വിരുദ്ധമാണു ജോസ് കെ. മാണി വിഭാഗം പറയുന്നത്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാന സമിതിക്കാണു പാര്‍ട്ടിയുടെ പരമാധികാരമെന്നുമെന്നും ജോസ് വിഭാഗം നിലപാടെടുത്തിട്ടുണ്ട്. പാര്‍ട്ടി ഭാരവാഹികളെ നിശ്ചയിക്കാനുളള അധികാരവും അവകാശവും സംസ്ഥാന സമിതിക്കാണെന്നും അതിനാല്‍ സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കുകയാണു ജനാധിപത്യ മര്യാദയെന്നുമാണു ജോസ് കെ. മാണിക്കൊപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.