മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. മഞ്ചേശ്വരത്ത് മത്സരിക്കേണ്ടന്ന് നേരത്തെ തീരുമാനിച്ചത് കൊണ്ടാണ് പത്തനംതിട്ടയില്‍ മത്സരിച്ചത്. മറ്റ് നേതാക്കള്‍ക്ക് അവസരം നല്‍കാനായി മാറിനില്‍ക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് സുരേന്ദ്രന് പരാജയപ്പെട്ടത്. രണ്ടാം സ്ഥാനത്ത് എത്തിയ സുരേന്ദ്രന് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കേസ് പുരോഗമിക്കുന്നതിനിടെ അബ്ദുള്‍ റസാഖ് മരണപ്പെടുകയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടതെങ്കിലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് 11000 വോട്ട് ഭൂരിപക്ഷം നേടിയത് ബി.ജെ.പി നേതൃത്വത്തെ അലട്ടുന്നുണ്ട്. കെ. സുരേന്ദ്രന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാണ്.