തെലങ്കാനയിലെ വറാങ്കലില്‍ കിണറ്റില്‍ വീണയാളെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം രക്ഷിച്ചു. ശനിയാഴ്ച പ്രദേശവാസികള്‍ ചേര്‍ന്നാണ് ഇയാളെ രക്ഷപെടുത്തിയത്.രാജമോഗിളി എന്നയാളാണ് കഴിഞ്ഞ ദിവസം തന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ വാറാങ്കലിലെ മുച്ചാര്‍ള നഗരം എന്ന സ്ഥലത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീണത്. രാത്രി ഇരുട്ടില്‍ വഴിതെറ്റി കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിണറ്റില്‍ വീണ ഇയാള്‍ അവിടെ മോട്ടോര്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ തൂങ്ങി കിടക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ മുതല്‍ ഇയാള്‍ രണ്ട് ദിവസം കണറ്റിനുള്ളില്‍ കിടന്ന് രക്ഷയ്ക്കായി വിളിച്ച് കരഞ്ഞു. എന്നാല്‍ പ്രദേശത്ത് മുഴുവന്‍ കൃഷി സ്ഥലങ്ങള്‍ ആയിരുന്നതിനാല്‍ കരച്ചില്‍ ആരും കേട്ടില്ല. ശനിയാഴ്ച നാട്ടുകാരില്‍ ഒരാള്‍ രാജമൊഗിളിയുടെ കരച്ചില്‍ ശ്രദ്ധിക്കുകയും ആളെ വിളിച്ചുകൂട്ടി കയര്‍ ഇട്ടുകൊടുത്ത് കരയിലേക്ക് കയറ്റുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ പ്രദേശത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.