ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് തുടരുമെന്നും നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് സർക്കാർ നിലപാടിന് പൂർണ്ണ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറിയുടേയും പ്രതികരണം വരുന്നത്. തിരുവനന്തപുരത്തെ സിപിഐയുടെ വോട്ടുകളിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശൈലി മാറ്റത്തിനായി മാധ്യമങ്ങൾ വാശി പിടിക്കേണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഷർട്ട് മാറുന്നത് പോലെ ശൈലി മാറ്റാനാകില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. വർഗീയ ശക്തികൾക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയാണ് തനിക്ക് ധാർഷ്ട്യം ആണെന്ന് ആരോപിക്കുന്നവർക്ക് ആവശ്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വര്‍ഗീയതക്കെതിരായ പ്രതിരോധത്തിൽ മുന്നിൽ നിൽക്കുമെന്നും അത് ധാർഷ്ട്യമാണെങ്കിൽ ഇനിയുമത് തുടരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.