എലിസബത്ത് മേരി കെയ്‌റ്റെന്നാണ് ഈ യുവതിയുടെ പേര്. സ്വദേശം അങ്ങ് അമേരിക്കയും. മലയാളം പഠിപ്പിക്കാന്‍ മടികാട്ടുന്ന മലയാളികളെ നാണിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തുള്ള പലരെയും മലയാളം പഠിപ്പിക്കുകയാണ് എലിസബത്ത് ഇപ്പോള്‍. ഏലിക് കുട്ടി (@eli.kutty) എന്ന എലിസബത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് മലയാളം പഠിക്കുന്നത്. എലിസബത്തിന്റെ മലയാളപ്രേമം തുടങ്ങിയത് അപ്രതീക്ഷിതമായാണ്. ദുബായിലെ ഒരു സുഹൃത്ത് വഴിയാണ് മലയാളഭാഷയെ കുറിച്ചും കേരളത്തെ കുറിച്ചുമൊക്കെ എലിസബത്ത് മനസിലാക്കുന്നത്.
ഇതിനിടയില്‍ ഒരു പ്രണയവും പൊട്ടിവിരിഞ്ഞു. അതും ഒരു മലയാളിയുമായി. ദുബായിയിലെ സൈബര്‍ സെക്യൂരിറ്റി സ്ഥാപനത്തിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസറായ കൊച്ചി സ്വദേശി അര്‍ജുന്‍ ഉല്ലാസായിരുന്നു എലിസബത്തിന്റെ നായകന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലും പിന്നീട് വിവാഹത്തിലുമെത്തി. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം. വിവാഹത്തിന് എലിസബത്തിന്റെ മാതാപിതാക്കളും കൊച്ചിയിലെത്തിയിരുന്നു. അര്‍ജുനും വീട്ടുകാരുമാണ് എലിസബത്തിനെ മലയാളം പഠിപ്പിച്ചത്.
ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഡ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ദുബായില്‍ അധ്യാപികയായി ജോലി ചെയ്യുന്ന എലിസബത്തിന് സ്പാനിഷ്, ജാപ്പനീസ്, കൊറിയന്‍ ഭാഷകളും വശമുണ്ട്. രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ കോര്‍ത്തിണക്കിയുള്ള പഠനരീതിയാണ് മലയാളത്തില്‍ എലിസബത്ത് അവലംബിച്ചിരിക്കുന്നത്. ഓരോ അക്ഷരങ്ങളും എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്നു പോലും ചിത്രങ്ങളിലൂടെ എലിസബത്ത് വരച്ച് കാണിക്കുന്നു. അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, കൊറിയ, ചൈന എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്ന് എലിബസത്തില്‍ നിന്ന് പലരും മലയാളം പഠിക്കുന്നു.
സുഹൃത്തുക്കളൊക്കെ എലിസബത്ത് എന്ന പേര് ചുരുക്കി ഏലി എന്നാണ് എന്നെ വിളിച്ചിരുന്നത്. കേരളത്തിന്റെ മരുമകളായതോടെ ഏലിക്കുട്ടി എന്ന് പേര് പരിഷ്‌കരിക്കുകയായിരുന്നു. എനിക്ക് വലിയ ഇഷ്ടമാണ് ആ പേര്. ചിലര്‍ കളിയാക്കി കുഞ്ഞെലി എന്നും വിളിക്കാറുണ്ട്. വീട്ടില്‍ മലയാളത്തിലാണ് സംസാരം. മലയാള സിനിമകളും കേരളത്തിലെ ഭക്ഷണവുമൊക്കെയാണ് ഇഷ്ടം. മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ആവശ്യമായ സംവിധാനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമല്ല. ആ കുറവുകൂടി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ്. ” – എലിസബത്ത് പറയുന്നു.