മെയ് മാസത്തെ വരുമാനത്തിൽ പുതിയ ഉയരങ്ങൾ കുറിച്ച് കെഎസ്ആർടിസി. 200.91 കോടി രൂപയാണ്‌ മെയിലെ വരുമാനം.

റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണം. വരുമാന വർദ്ധനവിന്‌ സഹായിച്ച എല്ലാവരോടും നനദിയറിയിക്കുന്നതായി കെഎസ്‌ആർടിസി ചെയർമാൻ  എം  പി  ദിനേശ്, ഐ പി എസ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഷെഡ്യൂളുകളിൽ ജനോപകാരപ്രദമായി ക്രമീകരണം നടത്തിയും ശാസ്ത്രീയമായ കാര്യപദ്ധതി തയ്യാറാക്കിയതുമാണ്‌  വരുമാനം വർദ്ധിപ്പിക്കാൻ ഇടയാക്കിയത്‌.

വരുമാന വർദ്ധ ലക്ഷ്യമിട്ട്‌ 3 മേഖലകൾക്കും കളക്ഷൻ സംബന്ധിച്ച ലക്‌ഷ്യം നൽകി . അത്‌ പരിശോധിക്കാൻ ഇൻസ്പെക്ടർമാരെ വിവിധ സ്ഥലങ്ങളിൽ പോയിൻറ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

സൂപ്പർഫാസ്റ് സർവീസുകൾ ചെയിൻ സർവീസുകളായി 15 മിനിട്ട് ഇടവേളകളിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും തിരിച്ചും ക്രമീകരിച്ചതു വഴിയും അതിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞതും വരുമാനത്തിൽ നേട്ടമുണ്ടാക്കാൻ സഹായമായി.

പ്രത്യേകിച്ച് യാതൊരു വിധ സ്‌പെഷ്യൽ സർവീസുകളും ഇല്ലാതിരുന്ന ഒരു മാസത്തിൽ ഇത്രയും വരുമാനം നേടാൻ സാധിച്ചത് ജീവനക്കാരുടെ പൂർണസഹകരണം ഒന്നു കൊണ്ട് മാത്രമാണ് . വടക്കൻ മേഖലകളിൽ നിന്നും കൂടുതൽ സർവീസുകൾ ആവശ്യപ്പെട്ടു കൊണ്ട് ദിനംപ്രതി അനേകം അപേക്ഷകളാണ് കെഎസ്ആർടിസി ചീഫ് ഓഫീസിൽ ലഭിക്കുന്നത്‌. കൂടുതൽ അന്തർസംസ്ഥാന സർവീസുകളും കൂടി ആരംഭിക്കുന്നതോടെ വരുമാനത്തിൽ ഇനിയും വർദ്ധനയുണ്ടാകും.

പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവീസുകൾ അടക്കം മറ്റ് ഓഡിനറി ചെയിൻ സർവീസുകൾ കേരളത്തിലുടനീളം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ ജനോപകാരപ്രദമായി ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ജനങ്ങൾക്ക് ആവശ്യമുള്ള സമയത്ത് എപ്പോഴും എവിടെ നിന്നും എവിടേക്കും ലഭിക്കുന്നതിനുള്ള ക്രമീകരണമാണ് കെഎസ്ആർടിസി നടത്തുന്നത്‌. 176 ചെയിൻ സർവീസുകൾ ഇപ്പോൾ  നടത്തുന്നുണ്ട്‌.

ഓരോ കിലോമീറ്ററിനും ലഭിക്കുന്ന വരുമാനം വർധിപ്പിക്കുന്നതിനൊപ്പം തന്നെ ഓരോ ലിറ്റർ ഡീസലിന് ലഭിക്കുന്ന വരുമാനം ഉയർത്തി ചെലവ് കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങളാളും നടത്തുന്നുണ്ട്‌.