ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നു. ജൂണ്‍ എട്ടിന് പ്രധാനമന്ത്രി കേരളത്തിൽ എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വൻ വിജയം നേടി അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ദര്‍ശനത്തിനെത്തുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള മോദിയുടെ ആദ്യ കേരള സന്ദർശനമാണിത്. കഴിഞ്ഞ ജനുവരിയില്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തിയ മോദി തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പ് പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടക സൗഹൃദ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.