അമേരിക്കയിലെ വിര്‍ജീനിയ ബീച്ചില്‍ തോക്കുധാരി നടത്തിയ വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുനിസിപ്പല്‍ സെന്ററില്‍ നടത്തിയ ആക്രമണത്തില്‍ അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് തിരിച്ചു നടത്തിയ വെടിവെയ്പ്പില്‍ അക്രമിയും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. അക്രമിയുടെ പേരു വിവരങ്ങളോ ആക്രമണത്തിന്റെ കാരണമോ പുറത്തു വിട്ടിട്ടില്ല.
വെടിവെയ്പ്പില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം നാലു മണിയോടെയായിരുന്നു വെടിവെയ്പ്പ്. വെടിയേറ്റ് മരിക്കും മുമ്പ് പോലീസിന്റെ ഇടപെടല്‍ പലരെയും പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിര്‍ജീനിയ ബീച്ചില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സെന്റാറാ വിര്‍ജീനിയാ ബീച്ചിലെ തന്നെ ജനറല്‍ ആശുപത്രിയിലും സെന്റാറാ പ്രിന്‍സസ് ആന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമി മാനസീകരോഗിയാണെന്നാണ് സംശയം ഉയര്‍ന്നിട്ടുണ്ട്.
അക്രമി വീര്‍ജീനിയയിലെ മുനിസിപ്പല്‍ ബില്‍ഡിംഗില്‍ ദീര്‍ഘകാലം ജോലിനോക്കിയിട്ടുള്ള ആളാണെന്ന് വിവരമുണ്ട്. ഓഫീസ് സമയം അവസാനിക്കുന്ന നേരമായതിനാല്‍ ഉദ്യോഗസ്ഥര്‍ തിരക്കിട്ട് ജോലി തീര്‍ക്കുമ്പോഴായിരുന്നു സംഭവമെന്നാണ് വിവരം. എ.45 കാലിബര്‍ തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. ചുരുട്ടിപ്പിടിച്ച മാഗസിനുകള്‍ കൊണ്ടു മറച്ചുകൊണ്ടായിരുന്നു ഇയാള്‍ തോക്കുമായി എത്തിയത്. പോലീസ് തിരിച്ചു വെടിവെച്ചതോടെ ഇയാള്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനിടയില്‍ മരണത്തിന് കീഴടങ്ങി.