ടെക്സസ് ∙ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നിർണായക വിജയങ്ങൾ സമ്മാനിച്ച ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൺസിൽ സംസ്ഥാനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് അറ്റേണി ജനറൽ കെൻ പാക്സ്ടൺ യുഎസ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇത് ഒരു രാഷ്ട്രീയ സ്റ്റണ്ടാണെന്ന് നാല് സംസ്ഥാനങ്ങളിലേയും അധികാരികൾ ആരോപിച്ചു. ചില നിയമ വിദഗ്ദ്ധർ ഇത് ഉഗ്ര നൈരാശ്യത്തിൽ നിന്ന് ഉടലെടുത്ത അടിസ്ഥാനമില്ലാത്ത നീക്കമായി വിശേഷിപ്പിച്ചു. നിയമപരമായി രേഖപ്പെടുത്തിയ മില്യൺ കണക്കിന് ബാലറ്റുകൾ നിരാകരിക്കണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്നും പറഞ്ഞു. പെൻസിൽവാനിയ നിയമ പോരാട്ടത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വിധിച്ച സുപ്രീം കോടതി ഈ കേസ് പരിഗണിക്കാതെ തള്ളിക്കളയുമെന്നും അഭിപ്രായപ്പെട്ടു.

പാക്സ്ടന്റെ ലോ സ്യൂട്ട് ആരോപിക്കുന്നത് ഈ സംസ്ഥാനങ്ങൾ തങ്ങളുടെ തിരഞ്ഞെടുപ്പ് നയങ്ങളിൽ കോവിഡ്–19 മഹാമാരിക്കാലത്ത് നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തുകയും അങ്ങനെ വ്യാജ നടപടികൾക്ക് അവസരം സൃഷ്ടിക്കുകയും ചെയ്തു എന്നാണ്. നാല് സംസ്ഥാനങ്ങളോടും ഇലക്ടൊറൽ കോളേജ് വോട്ടെടുപ്പിൽ പങ്കെടുക്കാതിരിക്കുവാൻ കോടതി നിർദേശിക്കണമെന്ന് ടെക്സസ് ആവശ്യപ്പെടുന്നു. ഇലക്ടൊറൽ കോളേജ് തിങ്കളാഴ്ച ഡിസംബർ 14ന് സമ്മേളിച്ച് വോട്ടു ചെയ്യും. ബൈഡന്റെ 232 നെതിരെ 306 വോട്ടുകൾക്കുള്ള വിജയം അംഗീകരിക്കും.