മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്‌ഐഒ ഹൈക്കോടതിയിൽ അറിയിച്ചു. രേഖകളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. അന്വേഷണത്തെ എതിർത്ത കെഎസ്‌ഐഡിസി നിലപാടിനെ കോടതി വിമർശിച്ചു. എക്‌സാലോജിക് കരാറിൽ സിഎംആർഎല്ലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നായിരുന്നു കെഎസ്‌ഐഡിസിയോട് ഹൈക്കോടതിയുടെ ചോദ്യം.

വിശ്വാസ്യതയെ സമൻസ് ബാധിക്കുമെന്ന് വ്യക്തമാക്കിയ കെഎസ്‌ഐഡിസി തങ്ങൾക്ക് പണമൊന്നും കിട്ടിയിട്ടില്ലെന്നും വിശദമാക്കി. കെഎസ്‌ഐഡിസിയുടെയും ഷോൺ ജോർജിന്റെയും ഹർജികളിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. സിഎംആർഎല്ലിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും കെഎസ്‌ഐഡിസി കോടതിയിൽ വെളിപ്പെടുത്തി. അതേ സമയം ചോദിച്ച വിശദീകരണം കാണിക്കാനും കോടതി ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു കെഎസ്‌ഐഡിസിയുടെ മറുപടി. ഹർജി നിലനിൽക്കുമ്പോൾ അറസ്റ്റുണ്ടാവില്ലെന്നും കോടതി പറഞ്ഞു. കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തു. കേസ് 26 ലേക്ക് മാറ്റിവെച്ചു.