ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയും ബോക്‌സിങ് മുന്‍ വനിതാ ലോക ചാമ്പ്യന്‍ മേരി കോമും ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ചില്ലെന്ന് സാക്ഷി മാലിക്. പി ടി ഉഷയും മേരികോമും പോലുള്ള താരങ്ങള്‍ ഗുസ്തി താരങ്ങളുടെ എല്ലാ ദുരനുഭവങ്ങളും കേട്ടിട്ടും തുടര്‍ന്ന് പിന്തുണ നല്‍കിയില്ലെന്നും സാക്ഷി ആരോപിച്ചു. കായിക ലോകത്തെ പ്രചോദനങ്ങളായി ആഘോഷിക്കപ്പെടുന്ന താരങ്ങളുടെ പ്രതികരണങ്ങള്‍ ഞെട്ടലുളവാക്കിയെന്നും സാക്ഷി വ്യക്തമാക്കി.

‘പി ടി ഉഷ മാഡം പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തി ഞങ്ങളെ സന്ദര്‍ശിച്ചിരുന്നു. വനിതാ താരങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വളരെ വിശദമായി അവരോട് പറയുകയും ചെയ്തു. അവര്‍ക്ക് ഞങ്ങളെ പിന്തുണയ്ക്കാമായിരുന്നു. പക്ഷേ വാഗ്ദാനം നല്‍കിയതല്ലാതെ മറ്റൊന്നും അവര്‍ ചെയ്തില്ല’, സാക്ഷി പറയുന്നു. തിരുവനന്തപുരത്തെ കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവേയായിരുന്നു സാക്ഷിയുടെ പ്രതികരണം.