മുംബൈ; കൊതുക് ശല്യം കാരണം ബുദ്ധിമുട്ടിലായി പൂനെ  നിവാസികൾ. പൂനെയിലെ ഖരാഡിയിലെ മുത നദിക്ക് സമീപമാണ് കൊതുകുകളുടെ പ്രജനനം.  

ചുഴലിക്കാറ്റിൻ്റെ രൂപത്തിൽ കൊതുകുകൾ വട്ടമിട്ട് പറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുണ്ഡ്‌വ, കേശവ് നഗർ, ഖരാഡി പ്രദേശങ്ങളിൽ നിന്ന് എടുത്ത വീഡിയോകളിൽ കൊതുകുകൾ നഗരങ്ങളിൽ വട്ടമിട്ട് പറക്കുന്നത് കാണാം.

കൊതുക് ശല്യം മൂലം താങ്ങാനാവാത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് പൂനെ നിവാസികൾ പറയുന്നു. വീടിൻ്റെ ജനാലകൾ പോലും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടികൾക്ക് പുറത്തിറങ്ങാനോ പാർക്കുകളിലേക്കോ കളിസ്ഥലങ്ങളിലേക്കോ പോകാൻ പോലും കഴിയുന്നില്ലെന്നും അവർ പറയുന്നു. 

സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അധികൃതർ നടപടി സ്വീകരിച്ച്  പ്രദേശം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂല-മുത നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് കൊതുകുശല്യം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം മുമ്പ് തന്നെ പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികമായ വെള്ളം കളയാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും കൊതുകുശല്യം അനിയന്ത്രിതമായി തുടരുകയാണ്.