വയനാട്ടിൽ വന്യജീവി (Wild animal attack) ആക്രമണം തുടർക്കഥയായതോടെ അടിയന്തര നടപടികൾക്കൊരുങ്ങി സർക്കാർ. അന്തർസംസ്ഥാന വന്യജീവി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരള, കർണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി തലത്തിലാകും സമിതി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. വന്യജീവികളെ നേരിടുന്നതുമായി  ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടിൽ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകൾ ചേർന്ന് കമാൻഡ് കൺട്രോൾ സെന്റർ കൊണ്ടുവരും. മുന്നറിയിപ്പ്, നിരീക്ഷണ സംവിധാനം എന്നിവയും ശക്തിപ്പെടുത്തും. കൂടാതെ വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം കൊടുത്തുതീർക്കും. വ്യാഴാഴ്ച വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചർച്ച നടത്തുമെന്നും അധികൃതർ അറിയിച്ചു. 

അതേസമയം മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടിക്കാൻ നടപടി ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്. ആനയെ മടക്കുവെടി വെക്കാൻ വെറ്റിനറി സംഘം തയ്യാറാണ്. റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടുന്നതിന് അനുസരിച്ച് ആദ്യം ട്രാക്കിങ് വിദഗ്ധർ ദൗത്യത്തിന് ഇറങ്ങും. മണ്ണാർക്കാട്, നിലംബൂർ ആർആർടികൾ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് അറിയിപ്പ്. ആനയുടെ സാന്നിധ്യമുള്ള തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി നൽകി. മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 

അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ. സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, കുറിച്ചാട്- 9747 012 131, രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ- 8547 602 504, സുനിൽ കുമാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, തോൽപ്പെട്ടി- 9447 297 891, രതീഷ്, എസ്എഫ്ഒ- 9744 860 073. ഇതിനിടെ പടമലയിൽ ഇതേ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും  ജില്ലാ കലക്ടർ ഉറപ്പ് നൽകി. ഇതോടെ നാട്ടുകാർ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റാനാണ് നിശ്ചയിച്ചിരിക്കുന്നത്. പരിശോധനയ്ക്ക് ശേഷം മാത്രമാകും വനത്തിലേക്ക് തുറന്നുവിടുക.