മനാമ: നിരവധി വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്റെ കുറ്റസമ്മതം. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അധ്യാപകന്‍ തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുകയും എല്ലാവരോടും മാപ്പ് ചോദിക്കുകയും ചെയ്തത്. പ്രതിയുടെ പോലീസ് കസ്റ്റഡി നീട്ടിയ കോടതി കേസിലെ അടുത്തവാദം ഫെബ്രുവരി 19 ലേക്ക് നിശ്ചയിച്ചു.

വിചാരണയ്ക്കിടെ, നീതിന്യായ മന്ത്രാലയം അധികാരപ്പെടുത്തിയ മറ്റ് രണ്ട് അഭിഭാഷകര്‍ പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ പരിചയസമ്പന്നനായ മറ്റൊരു അഭിഭാഷകന്‍ പ്രതിക്ക് വേണ്ടി വാദിക്കാമെന്ന് സമ്മതിച്ചു.

സ്‌കൂളിന് പുറത്തുവച്ച് ഏഴ് വയസുള്ള വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്യുന്നത്. മോശമായി സ്പര്‍ശിക്കാറുണ്ടെന്നും മാളിന്റെ പാര്‍ക്കിങ് സ്ഥലത്തുവച്ച് മോശമായി പെരുമാറിയെന്നും കുട്ടിയ മാതാപിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി തെളിവുകള്‍ ലഭിച്ചത്. നോര്‍ത്തേണ്‍ പോലീസ് ഗവര്‍ണറേറ്റ് ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

ഷോപ്പിങ് മാളിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് ഏഴ് വയസുകാരനെ പീഡിപ്പിച്ചതെന്ന് ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ ഉപമേധാവി പറഞ്ഞു. മാതാപിതാക്കളുടെ സമ്മതപ്രകാരം വിനോദയാത്രക്ക് പോയപ്പോഴാണ് അധ്യാപകന്‍ കുട്ടിയെ മാളിലേക്ക് കൊണ്ടുപോയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുകളും പ്രതിക്ക് തിരായിരുന്നു. ഇരയുടെ ജനനേന്ദ്രിയത്തിലും വസ്ത്രത്തിലും പ്രതിയില്‍ നിന്നുള്ള തെളിവുകളുണ്ടെന്ന് സ്ഥിരീകരിച്ചു. ഈ തെളിവുകള്‍ ഇരയുടെ മൊഴികളോടും പ്രതിയുടെ കുറ്റസമ്മതത്തോടും യോജിക്കുന്നു. പൂര്‍ണമായ ലൈംഗിക ബന്ധത്തിന് തെളിവുകളൊന്നുമില്ലെങ്കിലും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഇതേ സ്‌കൂളിലെ മറ്റ് നാല് കുട്ടികളെയും പ്രതി ലൈംഗിക പീഡനത്തിന് ഇരയായതായി കൂടുതല്‍ അന്വേഷണത്തില്‍ കണ്ടെത്തി. അനുചിതമായ സ്പര്‍ശനം, പീഡനം ഉള്‍പ്പെടെയുള്ള പരാതികളാണിത്. മറ്റൊരു വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസ് ചുമത്തിയിട്ടുണ്ട്. പ്രതിയുടെ കുറ്റസമ്മത മൊഴിയും പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണ റിപോര്‍ട്ടുകളും പീഡനം സ്ഥിരീകരിക്കുന്നു. കുട്ടികള്‍ ഈ സംഭവങ്ങള്‍ അധികാരികളെയോ മാതാപിതാക്കളെയോ അറിയിച്ചിരുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടുകളും പ്രതിയുടെ കുറ്റസമ്മതവും കണക്കിലെടുത്ത് കുട്ടികളെ ചോദ്യംചെയ്തപ്പോഴാണ് പ്രതി സമാനമായ രീതിയില്‍ മോശമായി തങ്ങളോടും പെരുമാറിയതെന്ന് സ്ഥിരീകരിച്ചത്.