കൊച്ചി: കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമായി ആറുവരിപ്പാത യാത്ര യാഥാർഥ്യമാകാൻ പോവുകയാണ്. മഹാരാഷ്ട്ര മുതൽ തമിഴ്നാടുവരെ നീണ്ടുകിടക്കുന്ന ദേശീയപാത 66ന്‍റെ വികസനം കേരളത്തിൽ അന്തിമഘട്ടത്തിലാണുള്ളത്. വലിയ നഗരങ്ങളിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ നിലവിലെ പാതയിൽനിന്ന് മാറിയാണ് ആറുവരിപ്പാത തയ്യാറാക്കുന്നത്. റോഡ് നിർമാണം പുരോഗമിക്കവെ തന്നെ, പലയിടങ്ങളിലും ജങ്ഷനുകൾ രൂപപ്പെട്ട് കഴിഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ പുത്തൻ നഗരങ്ങൾ തന്നെ വൈകാതെ കേരളത്തിൽ ഉയരും.

നിലവിൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളോട് ചേർന്നാണ് ദേശീയപാത 66 കടന്നുപോകുന്നത്. വാണിജ്യത്തിന് പുറമെ ചരിത്രപരമായും പ്രത്യേകതയുള്ള നഗരങ്ങളിൽനിന്ന് മാറി പുതിയപാത വരുമ്പോൾ ഇതിനോട് ചേർന്ന് പുതിയ നഗരങ്ങൾ സമീപഭാവിയിൽ തന്നെ ഉയരും. ഇതിനനുസരിച്ചുള്ള പദ്ധതികൾ വിവിധ തദ്ദേശ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ ആസൂത്രണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

പറവൂർ നഗരസഭയുടെ 2024 -25 വർഷത്തെ ബജറ്റിൽ ആറുവരിപ്പാത വഴിമാറിപ്പോകുന്ന സാഹചര്യം മുന്നിൽക്കണ്ടുള്ള നീക്കിയിരിപ്പ് നടത്തിയിട്ടുണ്ട്. ഇപ്പോഴുള്ള നഗരത്തിൽനിന്ന് പാത വഴിമാറിപ്പോകുന്ന സാഹചര്യത്തിൽ 25 വർഷത്തെ നഗരവികസനം ലക്ഷ്യമിട്ട് ഡിപിആർ തയ്യാറാക്കാൻ പ്രത്യേകം തുക അനുവദിച്ചിരിക്കുകയാണ്. പാത കടന്നുപോകുന്നിടത്ത് മൊബിലിറ്റി ഹബ്ബ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ഏഴുലക്ഷം രൂപയാണ് ബജറ്റിൽ അനുവദിച്ചത്.

ആറുവരിപ്പാത നിർമാണം പൂർത്തിയാകുന്നതോടെ സർവീസ് റോഡുകളിലേക്ക് വഴിതുറക്കുന്ന സ്ഥലങ്ങൾ ജങ്ഷനുകളായി മാറും. വൈകാതെ തന്നെ ഇവിടങ്ങളിലെല്ലാം ചെറുനഗരം ഉയരുകയും ചെയ്യും. സർവീസ് റോഡ് വഴി പഴയ നഗരത്തിലേക്കുള്ള യാത്രയ്ക്കും അവസരമുണ്ടാകും അതുകൊണ്ട് തന്നെ ഈ നഗരങ്ങളും മാറ്റ് കുറയാതെ നിലനിൽക്കും. ഗതാഗത കുരുക്കിൽ നിന്നുള്ള മോചനവും ഈ നഗരങ്ങൾക്ക് ലഭിക്കും.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 11 ടോൾബൂത്തുകളാണ് ആറുവരിപ്പാതയിൽ വരുന്നത്. ഇതെല്ലാം പുതിയ വ്യാപര കേന്ദ്രങ്ങൾക്ക് കൂടി തുടക്കമിടും എന്നതാണ് യാഥാർഥ്യം. ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് ലഘു ഭക്ഷണശാലകൾ, വർക് ഷോപ്പുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയെല്ലാം ആദ്യഘട്ടത്തിൽ തന്നെ വന്നേക്കാം. കാലക്രമേണ ഈ കേന്ദ്രങ്ങൾ ചെറുപട്ടണങ്ങളായും മാറും. ഇവയെല്ലാം നിരവധി തൊഴിലവസരങ്ങൾക്ക് കൂടി കളമൊരുക്കും.