യുകെ: മറ്റൊരു വാലൻ്റൈൻസ് ഡേ ആഘോഷത്തിലേക്ക് കടക്കുകയാണ് നമ്മൾ. പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർക്കും അവർ ഇഷ്ടപ്പെടുന്നവരുടെ മുന്നിൽ മനസ്സ് തുറക്കാനുള്ള അവസരമാണ് എല്ലാ വർഷവും ഫെബ്രുവരിയിലെത്തുന്ന വാലൻ്റൈൻസ് ഡേ. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ഫെബ്രുവരി 14നാണ് പ്രണയദിനമായി കണക്കാക്കുന്നത്.

പ്രണയം പറയുന്നതിനൊപ്പം പ്രണയലേഖനങ്ങൾ കൈമാറുന്നതിനും മധുരം പങ്കുവെക്കുന്നതിനും വാലൻ്റൈൻസ് ഡേ ദിനമായ ഫെബ്രുവരി 14 പോലെ മറ്റൊരു ദിവസമുണ്ടാകില്ല. വ്യത്യസ്തമായതും അസാധാരണവുമായ രീതികളിലാണ് പല രാജ്യങ്ങളും പ്രണയദിനം ആഘോഷിക്കുന്നത്. ഈ ദിവസം സമ്മാനങ്ങൾ, ആശംസാ കാർഡുകൾ, ചോക്ലേറ്റുകൾ എന്നിവ കൈമാറുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പതിവാണ്. പ്രണയദിനം ആഘോഷിക്കാൻ ഓരോ രാജ്യത്തിനും അതിൻ്റേതായ രീതിയുണ്ട്.

ഫിൻലാൻഡ്

വാലൻ്റൈൻസ് ഡേ ഫ്രണ്ട്ഷിപ്പ് ഡേ കൂടി ആയി ആചരിക്കുന്ന രാജ്യമാണ് ഫിൻലാൻഡ്. സ്നേഹത്തിൻ്റെ അതിരുകടന്ന പ്രകടനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്ന ഫിൻലൻഡ് ജനത വാലൻ്റൈൻസ് ദിനത്തിൽ ചെറിയ സമ്മാനങ്ങളും മറ്റും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും നൽകുമെങ്കിലും അതിരുകടന്ന ആഘോഷങ്ങൾക്ക് മുതിരാറില്ല.

സ്പെയിൻ

മറ്റ് രാജ്യങ്ങളിലെ പോലെ തന്നെ ഫെബ്രുവരി 14ന് തന്നെയാണ് സ്പെയിൻ വാലൻ്റൈൻ അല്ലെങ്കിൽ സെൻ്റ് വാലൻ്റൈൻസ് ദിനം ആഘോഷിക്കുന്നത്. സ്നേഹത്തിൻ്റെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന വിശുദ്ധ ഡയോനിസസിനെ അനുസ്മരിച്ചാണ് ഈ ദിവസം അവർ ആഘോഷിക്കുന്നത്. സ്പെയിനിൻ്റെ ചില ഭാഗങ്ങളിൽ ഒക്ടോബർ 9ന് വാലൻ്റൈൻസ് ഡേ കൊണ്ടാടാറുണ്ട്. ഈ ദിവസം പുരുഷന്മാർ പരമ്പരാഗത വേഷങ്ങൾ ധരിക്കാറുണ്ട്.

ജപ്പാൻ

വാലൻ്റൈൻസ് ദിനത്തിൽ ജപ്പാനിൽ ആഘോഷങ്ങൾക്ക് കുറവില്ല. ജപ്പാനിലെ സ്ത്രീകൾ വാലൻ്റൈൻസ് ദിനം രീതിയിലാണ് ആഘോഷിക്കുന്നത്. വിലകൂടിയ സമ്മാനങ്ങൾ കൈമാറുന്നത് പതിവാണ്. വിലകൂടിയ ആഭരണങ്ങളും ചോക്ലേറ്റുകളും വാങ്ങുകയും സമ്മാനമായി കൈമാറുകയും ചെയ്യും. വാലൻ്റൈൻസ് ദിനത്തിന് ശേഷം മാർച്ച് 14ന് വൈറ്റ് ഡേ എന്ന ആഘോഷവും ജപ്പാൻ നടത്താറുണ്ട്. വാലൻ്റൈൻസ് ദിനത്തിൽ സ്ത്രീകളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ച പുരുഷന്മാർ തിരികെ സമ്മാനം നൽകുന്ന ദിവസമാണ് മാർച്ച് പതിനാലിലെ വൈറ്റ് ഡേ.

ഡെൻമാർക്ക്

ഡെൻമാർക്കിലും നോർവേയിലും വാലൻ്റൈൻസ് ഡേ വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. കാമുകൻ നൽകുന്ന പ്രണയലേഖനമോ, കാർഡോ എന്തുതന്നെയായാലും സുഹൃത്തുക്കളും ബന്ധുക്കളും തമ്മിൽ കൈമാറ്റം ചെയ്യും. അജ്ഞാത കത്തുകൾ ലഭിക്കുന്നതും പതിവാണ്. ഈ രീതിയെ ഗേക്കെബ്രെവ് എന്നാണ് വിളിക്കുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ തന്നെയാണ് ഇംഗ്ലണ്ടിൽ വാലൻ്റൈൻസ് ഡേ ദിനം. വാലൻ്റൈൻസ് ഡേയിൽ ഫിലിപ്പീൻസിൽ നിർവധി വിവാഹങ്ങളാണ് നടക്കുക. ഫെബ്രുവരി 14ന് ഫിലിപ്പീൻസിൽ കൂട്ടവിവാഹങ്ങൾ നടക്കുന്നത് പതിവാണ്.

ജർമ്മനി

ജർമ്മനിയിലെ വാലൻ്റൈൻസ് ഡേ ആഘോഷം കുറച്ച് വെറൈറ്റിയാണ്. പന്നിയുടെ ആകൃതിയിലുള്ള സമ്മാനങ്ങൾ പരസ്പരം കൈമാറുന്നത് പതിവാണ്. കാമത്തേയും സ്നേഹത്തേയും പ്രതിനിധീകരിക്കുന്നത് പന്നിയാണെന്നാണ് ഇവർ വിശ്വസിക്കുന്നത്. ബിസ്‌ക്കറ്റിനൊപ്പം ചോക്ലേറ്റുകളും പൂക്കളും പലപ്പോഴും സമ്മാനമായി കൈമാറാറുണ്ട്. സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും ദിനമായിട്ടാണ് മെക്സിക്കോ വാലൻ്റൈൻസ് ഡേ ആഘോഷിക്കുന്നത്.

ദക്ഷിണ കൊറിയ

ജപ്പാനിലേതിന് സമാനമായ രീതിയിലാണ് ദക്ഷിണ കൊറിയ വാലൻ്റൈൻസ് ഡേ ആഘോഷിക്കുന്നത്. പ്രണയദിനത്തിൽ പുരുഷന്മാർക്ക് ചോക്ലേറ്റ്, പൂക്കൾ എന്നിവ ലഭിക്കും. ഒരു മാസത്തിനുശേഷമുള്ള വൈറ്റ് ഡേയിൽ പുരുഷന്മാർ സ്ത്രീകൾക്ക് തിരികെ സമ്മാനം നൽകണം.