തൃപ്പൂണിത്തുറ: പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട്ടെ പടക്കപ്പുരയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

പടക്കപ്പുരയിൽ രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.

സമീപത്തെ വീടുകളടക്കം നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ചില്ലുകളും വാതിലുകളും ജനലുകളും തകർന്നു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. രണ്ടു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു. തൃപ്പൂണിത്തുറ – വൈക്കം റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.

പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. അനുമതിയില്ലാതെയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്‌പോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്‌സും ഇ്ക്കാര്യം സ്ഥിരീകരിച്ചു. 

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും മന്ത്രി നിര്‍ദേശം നല്‍കി