എല്ലാവർക്കും ആരാധനാ സ്വാതന്ത്യം ഉറപ്പാക്കുന്ന ചർച്ച്‌ ബില്‍ സർക്കാർ ഉടൻ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ആകമാന സുറിയാനി സഭാ പരമാധ്യക്ഷൻ പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ.

മുഖ്യമന്ത്രി പിണറായി വിജയനുമായി പുത്തൻ കുരിശില്‍ വച്ചും തുടർന്ന് കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിലും നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചർച്ച ചെയ്തു. തങ്ങളാല്‍ ചെയ്യാവുന്ന പരമാവധി സഹായങ്ങള്‍ ചെയ്യുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്കിയതായും കൂടിക്കാഴ്ച ശുഭസൂചനയാണ് നല്കുന്നതെന്നും ബാവ പറഞ്ഞു.

ഒരേ വിശ്വാസത്തിലും പൈതൃകത്തിലുമുള്ളവർ പരസ്പരം കലഹിച്ചിട്ട് കാര്യമില്ല. സമാധാനപരമായി കഴിയേണ്ടതുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. 2017നു ശേഷം വേദനാജനകമായ ചിലകാര്യങ്ങള്‍ സംഭവിച്ചു.

ക്രിസ്തീയതയ്ക്ക് ഒട്ടും യോജിച്ച കാര്യങ്ങളല്ല അത്. സെമിത്തേരി ബില്‍ കൊണ്ടുവന്നതില്‍ സഭയ്ക്ക് സർക്കാരിനോട് നന്ദിയുണ്ട്. മണിപ്പുരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മതം മാത്രമല്ലെന്നാണ് വിശ്വസിക്കുന്നത്. മതവും രാഷ്‌ട്രീയവും കൂട്ടിക്കലർത്തരുത്.

വിഷയങ്ങള്‍ പരിഹരിക്കേണ്ടതും ജനങ്ങള്‍ക്ക് സമാധാനപരമായി കഴിയാനുള്ള സൗകര്യം ഒരുക്കേണ്ടതും‍ കേന്ദ്ര- സംസ്ഥാന സർക്കാരുകളാണെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു.