എഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര മേഖലയിലേക്ക് മടങ്ങിവരാൻ തയ്യാറെടുക്കുകയാണെന്ന് തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ വർഷം പ്രൈം വീഡിയോ സീരീസായ സിറ്റഡലൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം, പേശികളെ ബാധിക്കുന്ന രോഗമായ മയോസൈറ്റിസ് ബാധിയെതുടർന്ന് അഭിനയരംഗത്ത് നിന്ന് വിട്ട്നിൽക്കുകയായിരുന്നു സാമന്ത.

2022-ൽ യശോദ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിആയാണ് താരം മയോസൈറ്റിസ് ബാധിതയാണെന്ന് വെളിപ്പെടുത്തിയത്. ഇപ്പോൾ, ചലച്ചിത്ര മേഖലയിലേക്ക് വീണ്ടും തിരച്ചുവരികയാണെന്ന് എക്സിലൂടെ അറിയിച്ച സാമന്തയുടെ വീഡിയോയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

“അവസാനം ഞാൻ ജോലിയിലേക്ക് മടങ്ങുകയാണ്. ഇത്രയും കാലം എനിക്ക് ഒരു ജോലിയും ഇല്ലായിരുന്നു. പക്ഷേ, ഞാൻ എന്റെ സുഹൃത്തിനോടൊപ്പം ഒരു രസകരമായ കാര്യവും ചെയ്യുകയാണ്. ഒരു ഹെൽത്ത് പോഡ്‌കാസ്റ്റ്. നിങ്ങളിൽ ചിലർക്ക് ഇത് വളരെ ഉപയോഗപ്രദമാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” എക്സിൽ പങ്കുവച്ച വീഡിയോയിൽ സാമന്ത പറഞ്ഞു.

2023-ൽ പുറത്തിറങ്ങിയ ഖുഷിയാണ് സാമന്തയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. പുതിയ പ്രൊജക്ടുകളെ പറ്റിയുള്ള വിവരങ്ങളൊന്നും താരം വീഡിയോയിൽ വെളിപ്പെടുത്തിയിട്ടില്ല. ഹെൽത്ത് പോഡ്‌കാസ്റ്റ് അടുത്താഴ്ച റിലീസാകുമെന്നും താരം പറഞ്ഞു.