പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്ക്ക് ഭീഷണിയുയര്‍ത്തി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂവിലൂടെ ഒ.എന്‍.ഡി.സി വഴി ഭക്ഷണ വിതരണം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. അധികം ഉപയോക്താക്കളെ ആപ്പിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പുത്തന്‍ സംരംഭം വഴി കമ്പനി ലക്ഷ്യമിടുന്നത്.

ടാറ്റ ന്യൂ ആപ്പില്‍ ഭക്ഷണ വിഭാഗത്തിനായി ഒരു ടാബ് ഉണ്ട്. എന്നാല്‍ നിലവിൽ അതില്‍ താജ് ബ്രാന്‍ഡ് നടത്തുന്ന ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടല്‍ കമ്പനിയുടെ റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണ മെനു മാത്രമേ കാണിക്കൂ. എന്നാല്‍  ഒ.എന്‍.ഡി.സി വഴി ഭക്ഷണ വിതരണം നടത്തുന്നതോടെ നഗരങ്ങളിലുടനീളമുള്ള വിവിധ ഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ കഴിയും. 

95 ശതമാനം വിഹിതം

നിലവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ 95 ശതമാനം വിഹിതവും സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും കൈവശമാണ്. 2022-23ലെ കണക്കെടുത്താല്‍ 600 കോടി ഡോളറിന്റെ (50,000 കോടി രൂപ) ഓര്‍ഡറുകളാണ് ഇവ കൈകാര്യം ചെയ്തിട്ടുള്ളത്. ഒ.എന്‍.ഡി.സി ഭക്ഷണ ഓര്‍ഡറുകള്‍ക്ക് വന്‍തോതില്‍ കിഴിവ് ലഭിക്കാറുള്ളതിനാല്‍ ഒ.എന്‍.ഡി.സി വഴി ടാറ്റ ന്യൂ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും വില താരതമ്യേന കുറവായിരിക്കും. ഇത് സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും.