വിശുദ്ധിയിലേക്കുള്ള നടത്തം ദൈവത്തിലുള്ള വിശ്വാസവും വിട്ടുകൊടുക്കലുമാണെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പ. അർജന്റീനയിൽനിന്ന് ‘മമ്മ ആന്തുള’യുടെ വിശുദ്ധീകരണ നടപടികൾക്കായി എത്തിയ മെത്രാന്മാരും വൈദികരും സന്യാസീസന്യാസിനികളും വിശ്വാസികളുമടങ്ങുന്ന സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

അർജന്റീനയിൽ നിന്നെത്തിയ സംഘത്തിന് ആശംസകളർപ്പിച്ച ശേഷം നടത്തിയ പ്രഭാഷണത്തിൽ, വാഴ്ത്തപ്പെട്ട മരിയ അന്തോണിയാ ദെ സാൻ ഹൊസെ (വി. യൗസേപ്പിന്റെ മരിയ അന്തോണിയ) ഏറ്റം ദരിദ്രർക്കായി ചെയ്ത സേവനങ്ങൾ പാപ്പ അനുസ്മരിച്ചു. സ്വന്തം ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി നിയന്ത്രണങ്ങളെല്ലാം നീക്കുന്നതിലാണ് എല്ലാം അടങ്ങിയിരിക്കുന്നതെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും സമൂലമായ സ്വാർഥതയാണ് തോല്പിക്കാൻ ഏറ്റം ശ്രമകരമായ വൈറസെന്ന് മറക്കുകയും ചെയ്യുന്ന സമൂഹത്തിൽ, ഈ പുണ്യാത്മാവിൽനിന്ന് നമ്മുടെ സഹോദരരുടെ നേർക്കുള്ള സ്നേഹത്തിന്റെയും ആർദ്രതയുടെയും പ്രചോദനം ഉൾക്കൊള്ളാമെന്നും പാപ്പ പറഞ്ഞു.

തന്റെ സുരക്ഷിതത്വം സ്വയം ഏറ്റെടുക്കാതെ ദൈവത്തെ ഏല്പിച്ചുകൊണ്ട് തന്റെ പ്രേഷിതദൗത്യം അവന്റെ പ്രവർത്തനമാകട്ടെ എന്ന് അവൾ വിശ്വാസമർപ്പിച്ചു. ഏതവസ്ഥയിലുള്ള വിളിയാണ് ഓരോരുത്തരുടേതെങ്കിലും അതെല്ലാം ദൈവത്തിനു മഹത്വവും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടിയാവണം എന്ന ഇഗ്നേഷ്യൻ ആത്മീയത തന്നെയായിരുന്നു മാമ്മ ആന്തുളയുടെ പരിപോഷണവും അവളുടെ ഓരോ പ്രവൃത്തിയുടെയും അടിത്തറയും എന്ന കാര്യം ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു.

വിശ്വാസം സംരക്ഷിക്കാൻ സാഹചര്യങ്ങൾ വിപരീതമാവുമ്പോൾ നിരാശപ്പെട്ടു പിന്മാറാതെയും സുവിശേഷം എല്ലാവരിലുമെത്തിക്കാനുള്ള നമ്മുടെ സദുദ്ദേശം ഉപേക്ഷിക്കാതെയും കർത്താവിൽ വേരൂന്നി സുവിശേഷത്തിന്റെ സന്തോഷത്തിൽ നമ്മുടെ പ്രതികൂലപരിസരങ്ങളെ വെല്ലുവിളിക്കുക എന്നതാണ് വാഴ്ത്തപ്പെട്ടവൾ നമുക്കു നൽകുന്ന സന്ദേശമെന്ന് പരിശുദ്ധ പിതാവ് അവരെ ഓർമ്മിപ്പിച്ചു. ഈ പ്രതികൂലസാഹചര്യം നമ്മുടെ തൊഴിലിടമോ, കുടുംബം തന്നെയോ ആകാമെന്നും പാപ്പ മറന്നില്ല.