ശതകോടീശ്വരനായ ഇലോൺ മസ്ക് പതിവുപോലെ ഏവരെയും അമ്പരപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. ‘കുറച്ച് മാസങ്ങൾക്കകം ഫോൺ നമ്പർ ഉപയോഗിക്കുന്നത് നിർത്താൻ പോവുകയാണെന്നാണ്’ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്. 

ഫോൺ നമ്പർ ഒഴിവാക്കി, പകരം ടെക്സ്റ്റ് സന്ദേശമയക്കുന്നതിനും ഓഡിയോ/വീഡിയോ കോളുകൾക്കുമെല്ലാം മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സ് (മുമ്പ് ട്വിറ്റർ) ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

എക്‌സിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ഓഡിയോ/വീഡിയോ കോളിങ് ഫീച്ചറുകൾ പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് മസ്‌കിൻ്റെ പോസ്റ്റ്. ഈ സേവന ഉപയോഗിക്കാന്‍ ഫോണ്‍ നമ്പറുകള്‍ വേണ്ട. ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും പി.സികളിലും ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം. 

എക്‌സിനെ എല്ലാ ഓൺലൈൻ സേവനങ്ങളുമുള്ള ഒരു “എവരിതിങ് ആപ്പായി” മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് മസ്ക്. അതിന്റെ ഭാഗമായി നിരവധി ഫീച്ചറുകളാണ് ആപ്പിലേക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.