കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റർ നീളത്തിൽ ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുന്നതോടൊപ്പം 11 ഇടത്ത് പുതിയ ടോൾ കേന്ദ്രങ്ങളും വരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരോ കേന്ദ്രങ്ങളുമാണ് ഉണ്ടാവുക.

2008-ലെ ‘ദേശീയപാതകളിൽ ചുങ്കം പിരിക്കാനുള്ള നിയമം’ അടിസ്ഥാനമാക്കിയാണ് ടോൾ നിരക്കുകൾ നിശ്ചയിക്കുക. ഇതുപ്രകാരം കാറിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 65 പൈസയാണ് നൽകേണ്ടത്. ചെറിയ ചരക്കുവാഹനങ്ങൾ, മിനി ബസുകൾ തുടങ്ങിയവയ്ക്ക് 1.05 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 2.20 രൂപയും മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 3.45 രൂപയുമാണ് നിരക്കുകൾ. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ചുങ്കം ബാധകമല്ല.

ഉപഗ്രഹാധിഷ്ഠിത ടോൾ പിരിവ് നടപ്പാക്കും

ദേശീയപാത-66ന്റെ വികസം പൂർത്തിയാകുന്നതോടെ ചുങ്കം പിരിവ് ഉപഗ്രഹാധിഷ്ഠിതമാക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. നിലവിൽ ചുങ്കം പിരിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് തുക ഈടാക്കുന്നത്. പുതിയ സംവിധാനം നടപ്പായാൽ ചെറിയദൂരം യാത്രചെയ്താലും തുക നൽകണം. അതിനിടെ, ദേശീയപാതയിലെ ചുങ്കം നിരക്കുകളിൽ ധാരണയായി.