തീയേറ്ററിൽ പരാജയമായ ചിത്രങ്ങൾപോലും ഒടിടിയിൽ വിജയിക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, റിലീസുചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങാത്ത ബോളിവുഡ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എക്കാലത്തെയും റെക്കോർഡ് വ്യൂവർഷിപ്പ് നേടിയെന്ന കണക്കുകളാണ് പുറത്തു വരുന്നത്.

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രമായ അനിമലാണ് നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് സ്ട്രീമിങ്ങ് തുടരുന്നത്. തിയേറ്ററിൽ 900 കോടിക്ക് മുകളിൽ നേടിയ ചിത്രം ജനുവരി 26നാണ് നെറ്റഫ്ലിക്സിൽ എത്തിയത്. തിയേറ്ററിലെ വിജയം ആവർത്തിച്ച്, രണ്ടാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് വ്യൂവർഷിപ്പാണ് ചിത്രം നേടിയത്.

എറ്റവും കൂടുതൽ സമയം കണ്ട സിനമയായി മാറിയ അനിമൽ, രണ്ടാഴ്ചയോളം ഇതേ റെക്കോർഡ് തുടർന്നു. 39.3 ദശലക്ഷം മണിക്കൂർ വ്യൂവർഷിപ്പ് ചിത്രം നേടിയതായാണ് റിപ്പോർട്ട്. 

അടുത്തിടെ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ചിത്രമായ സലാറിന്റെ റെക്കോർഡ് മറികടന്നാണ് അനിമലിന്റെ നേട്ടം. ആർആർആർ, ജവാൻ തുടങ്ങിയ ചിത്രങ്ങൾ 25.5 മില്യൺ വ്യൂവർഷിപ്പ്, യഥാക്രമം 10, 11 ദിവസങ്ങളിൽ നേടിയിരുന്നു. ലോകത്തിലെ 3-ാമത്തെ ഇംഗ്ലീഷ് ഇതരഭാഷ ചിത്രമെന്ന റെക്കോർഡും ഇതോടെ അനിമൽ സ്വന്തമാക്കി.