ഇന്ന് ഗര്‍ഭവതിക്ക് ആകെ വിലക്കുകളാണ്. ബസ്സില്‍ കയറരുത്, തുണി നനയ്ക്കരുത്. എന്തിന് കൂടുതല്‍ നടക്കുന്നതുപോലും ശരീരത്തിന് ആയാസമാകുമെന്നാണ് പലര്‍ക്കും പേടി. എന്നാല്‍ ഇത്തരം പേടി പലരിലും അസ്ഥാനത്താണ്. ഗര്‍ഭകാലം ഏതൊരു സ്ത്രീയുടേയും ജീവിതത്തിലെ പ്രത്യേകത നിറഞ്ഞകാലമാണ്. ഈ കാലയളവില്‍ മാനസികവും ശാരീരികവുമായ ഒത്തിരി മാറ്റങ്ങള്‍ക്ക് വഴിപ്പെടുന്നുണ്ട് സ്ത്രീകള്‍.
ഈ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

ഇതില്‍ പ്രധാനം ശരിയായ വൈദ്യപരിശോധനയ്ക്ക് വിധേയയാകുകയെന്നതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ജീവിതചിട്ടകള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. പിന്നീട് ഉണ്ടായേക്കാവുന്ന ചെറിയ കുഴപ്പങ്ങള്‍പോലും പരിഹരിക്കാന്‍ ഡോക്ടറുടെ ഉപദേശം സഹായകമായേക്കും.

ഗര്‍ഭകാലത്ത് മിതഭക്ഷണവും ആവശ്യാനുസരണം പോഷകങ്ങളടങ്ങിയ ഭക്ഷണവും കഴിക്കേണ്ടതാണ്. സ്റ്റാര്‍ച്ച് കൂടുതലുള്ള ഭക്ഷണം കുറയ്ക്കുകയും പ്രോട്ടീനും മറ്റും കൂടുതലുള്ള മത്സ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുകയും തീരെ കുറഞ്ഞത് രണ്ട് ാസ് ശുദ്ധമായ പാല്‍ കുടിക്കുകയും ചെയ്യണം. ക്രമാതീതമായി തൂക്കം വര്‍ധിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൈറ്റമിന്‍ ഗുളികകളും മറ്റും ഒരു ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ കഴിക്കാവൂ. കാരണം ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍ നല്‍കിക്കൊണ്ടിരിക്കും.

ഗര്‍ഭവതികളായ സ്ത്രീകള്‍ ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അംശം വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരിയായ ഉറക്കം വേണം. അതുപോലെതന്നെ ശരിയായ വ്യായാമവും വിശ്രമവും ഉണ്ടായിരിക്കണം. ഇറുക്കമുള്ളതും പാകമല്ലാത്തതുമായ വസ്ത്രങ്ങള്‍ ധരിക്കരുത്. ഹൈഹീല്‍ഡ് ചെരുപ്പുകള്‍ കഴിവതും ഒഴിവാക്കണം. തറയോട് ചേര്‍ന്നുകിടക്കുന്ന സാധാരണ ചെരിപ്പ് ധരിക്കുന്നതാണ് ഉത്തമം. മുഖത്ത് ആവശ്യത്തിലധികം മേയ്ക്കപ്പ് ഈ സമയത്ത് ഒഴിവാക്കണം.