സഭയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഫ്രാൻസിസ് പാപ്പാ. “സഭയിലെ പുരുഷവത്കരണം അവസാനിപ്പിക്കണമോ? ഹാൻസ് ഫോൺ ബാൽതസറിന്റെ തത്വങ്ങളെക്കുറിച്ചുള്ള വിമർശനാത്മകചർച്ച” എന്ന പുസ്തകത്തിനായി എഴുതിയ ആമുഖത്തിലാണ് പാപ്പാ സഭയും സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകതകളെക്കുറിച്ച് എഴുതിയത്.

സഭയിൽ സ്ത്രീകളുടെ അഭിപ്രായങ്ങൾക്ക് ആവശ്യത്തിന് പ്രാധാന്യം കൊടുത്തിട്ടില്ലെന്നും, എന്നാൽ പ്രാർത്ഥനയിലൂടെയും, വിചിന്തനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമുള്ള സഭാസമൂഹങ്ങളുടെ വളർച്ചയ്ക്ക് സ്ത്രീകൾ നൽകുന്ന സംഭാവനകൾ വലുതാണെന്നും ഫ്രാൻസിസ് പാപ്പാ. സഭയിൽ സ്ത്രീകളുടെ പങ്കിനെപ്പറ്റി, കർദ്ദിനാൾമാരുടെ ഉപദേഷകസംഘം നടത്തിയ വിചിന്തനങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട, സലേഷ്യൻ സന്ന്യാസിനി ലിൻഡ പോച്ചർ, ലൂച്ചിയ വന്തീനി, ഫാ. ലൂക്കാ കസ്‌തില്ല്യോനി എന്നീ ദൈവശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ ക്രോഡീകരിച്ച്, “സഭയിലെ പുരുഷവത്കരണം അവസാനിപ്പിക്കണമോ? ഹാൻസ് ഫോൺ ബാൽതസറിന്റെ തത്വങ്ങളെക്കറിയിച്ചുള്ള വിമർശനാത്മകചർച്ച” എന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിന്റെ ആമുഖത്തിലാണ് സഭയിലെ സ്ത്രീപ്രാധാന്യത്തെക്കുറിച്ച് പാപ്പാ എഴുതിയത്.

കഴിഞ്ഞ നാളുകളിൽ സഭയിൽ സ്ത്രീകളുടെ സ്വരത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടില്ലെന്നും, എന്നാൽ സ്ത്രീകളിൽനിന്നും സഭയ്ക്ക് ഏറെ പഠിക്കാനുണ്ടെന്നും പാപ്പാ എഴുതി. ഒരേ വിശ്വാസവും, ജ്ഞാനസ്നാനമഹത്വവുമുള്ള സ്ത്രീകളും പുരുഷന്മാരും ചേരുന്ന ഒരു സമൂഹമാണ് സഭയെന്നും, സഭയെ പുരുഷത്വവത്കരണത്തിൽനിന്ന് മോചിപ്പിക്കാനായി ഇരുകൂട്ടരെയും ഒരുപോലെ ശ്രവിക്കേണ്ട ആവശ്യമുണ്ടെന്നും പാപ്പാ വ്യക്തമാക്കി. തങ്ങളുടെ കാഴ്ചപ്പാടിൽനിന്ന് വിഭിന്നമായ ഒരു കാഴ്ചപ്പാടുള്ള സ്ത്രീകളെ ശ്രവിക്കുന്നതുവഴി, സഭാസമൂഹത്തിലെ പദ്ധതികളെയും, പ്രാധാന്യശ്രുംഖലാക്രമത്തെയും പുനർചിന്തനം ചെയ്യാൻ സാധിക്കുമെന്ന് പാപ്പാ എഴുതി. സ്ത്രീയുടെ അഭിപ്രായങ്ങൾ പലപ്പോഴും പുരുഷസ്വരത്തിൽനിന്ന് വ്യത്യസ്തമാകാമെന്നും, ചിന്താരീതികളിലും കാഴ്ചപ്പാടുകളിലും അവ തികച്ചും പുതുതായി തോന്നിയേക്കാമെന്നും, എന്നാൽ അവ പരിഗണിക്കുന്നതുവഴി കൂടുതൽ വളരാൻ സാധിക്കുമെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

ക്ഷമയും, പരസ്പരബഹുമാനവും, ശ്രവണവും, മറ്റുള്ളവരിൽനിന്ന് പഠിക്കാനുള്ള തുറന്ന മനസ്സ്ഥിതിയും ഉണ്ടകേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ എഴുതി. അതുവഴിയാണ് ഒരുമിച്ച് നടക്കുന്ന ഏക ദൈവജനമെന്ന രീതിയിൽ വളരാൻ സാധിക്കുന്നത്. ഈയൊരു ഉദ്ദേശത്തോടെയാണ് ഒരു വനിതാ ദൈവശാസ്ത്രജ്ഞയെ കർദ്ദിനാൾമാരോട് സംസാരിക്കാൻ താൻ ക്ഷണിച്ചതെന്ന് പാപ്പാ വ്യക്തമാക്കി. സഭയുമായുള്ള പരിശുദ്ധ അമ്മയുടെയും പത്രോസിന്റെയും ബന്ധത്തെ സംബന്ധിച്ച ഹാൻസ് ഫോൺ ബാൽതസറിന്റെ തത്വങ്ങളാണ് സ്ത്രീയുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ആരംഭബിന്ദുവെന്ന് പാപ്പാ എഴുതി.

സഭയിലും ലോകത്തും ഇന്നത്തെ സ്ത്രീപുരുഷന്മാരുമായി സംവദിക്കാൻ ഉതകുന്ന ഒരു ഭാഷ കണ്ടെത്താൻ സഹായിക്കാനായി പരിശുദ്ധാത്മാവിന്റെ സഹായം തേടേണ്ടതുണ്ടെന്ന് പാപ്പാ ആമുഖത്തിൽ വ്യക്തമാക്കി. സ്ത്രീപുരുഷന്മാർ തമ്മിലുള്ള സഭാത്മകബന്ധം തനിക്ക് ഏറെ പ്രധാനപ്പെട്ട ഒരു വസ്തുതയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.  ഈ ചിന്തകൾ സഭയെ കൂടുതൽ തുറന്ന ഒരിടമാക്കി മാറ്റുകയും, ചിന്തിക്കാനും, പ്രാർത്ഥനയിൽ സഹായമാകാനും ഉപകരിക്കുമെന്ന് പാപ്പാഎഴുതി.