ക്രൈസ്തവ ജനസംഖ്യ അപകടകരമായ രീതിയിൽ കുറയുന്നു. ക്രൈസ്തവ വിവാഹങ്ങൾ കുറയുന്നു. ക്രൈസ്തവർ രാഷ്ട്രീയത്തിൽനിന്നും മാറ്റപ്പെടുന്നു. ഭരണഘടനാ പദവികളിൽനിന്നും തുടച്ചുനീക്കപ്പെടുന്നു. സിവിൽ സർവീസിൽനിന്നും പിന്തള്ളപ്പെടുന്നു. യുവജനങ്ങൾ നാടുവിടുന്നു. സമുദായങ്ങൾക്കും റീത്തുകൾക്കും അതീതമായി ക്രൈസ്തവ വിഭാഗങ്ങൾ അടിയന്തരമായി ഒന്നിക്കണം.

ക്രൈസ്തവയുവാക്കളുടെ എണ്ണം കുറയുന്ന കേരള സംസ്ഥാനത്ത് അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ആളുകളുടെ കുടിയേറ്റം കൂടുന്നത് ആശങ്ക ജനിപ്പിക്കുന്നു. ജനസംഖ്യയിൽ വരുന്ന മാറ്റങ്ങൾ വിദ്യാഭ്യാസംമുതൽ മത-സാമൂഹികമേഖലകളിൽ പ്രതിഫലിക്കുന്നുണ്ട്. വിദേശ കുടിയേറ്റചരിത്രമുള്ള കോട്ടയം, പത്തനംതിട്ട ജില്ലയിലാണ് ആദ്യമാറ്റങ്ങൾ പ്രകടമാകുന്നത്. ഒരു കുഞ്ഞു മാത്രമുള്ള കുടുംബങ്ങളും, കുട്ടികൾ വേണ്ട എന്നു കരുതുന്നവരുടെ എണ്ണവും ക്രൈസ്തവരിൽ വർധിക്കുന്നതാണ് ഒരു പ്രധാന കാരണം.

മധ്യ തിരുവിതാംകൂർ ക്രൈസ്തവസഭകൾ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. മുതിർന്നവരുടെ എണ്ണം കൂടുന്നു. യുവജനങ്ങൾ എല്ലാവരും നാടുവിടുന്നു. അടഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം കൂടുന്നു. ഒരു നാടിന്റെ ടോട്ടൽ ഫെർട്ടലിറ്റി നിരക്ക് 2.1 ആണെങ്കിൽ മാത്രമേ ജനസംഖ്യ അതേനിലയിൽ തുടരുകയുള്ളൂ. കേരളത്തിന്റെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 1.8 ആണ്. 1992-93 ൽ നടത്തിയ ആദ്യ സർവേയിൽ ഇത് 2.0 ആയിരുന്നു. കേരളത്തിലെ കുടുംബങ്ങളിൽ ശരാശരി രണ്ടു കുട്ടികൾ ഇല്ലെന്നാണ് ഇതിനർഥം.

2021-ൽ കേരളത്തിലെ വയോജങ്ങളുടെ എണ്ണം 15.63% ആണ്. 2026 ആകുമ്പോഴേക്ക് കേരളത്തിൽ 20% പേർ 60 വയസ്സു കഴിഞ്ഞവരായിരിക്കുമെന്നു പറയാം. കേരളത്തിലെ ഹിന്ദു-ക്രിസ്ത്യൻ വീടുകളിൽ ഏറിവന്നാൽ ഒരു കുട്ടിയാണുള്ളത്. അതിലൂടെ കേരളത്തിലെ ജനസംഖ്യ നേർപകുതിയായി. ഇന്ന് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻപോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്. കല്യാണമെന്ന വ്യവസ്ഥയെതന്നെ എതിർക്കുന്ന പ്രവണത ഹിന്ദു-ക്രിസ്ത്യൻ വീടുകളിൽ വളർന്നുവരുന്നുണ്ട്. ‘ലിവിങ് ടുഗദർ പോരേ’ എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്.

ചൈന എല്ലാകാര്യത്തിലും നമ്മളേക്കാൾ മുന്നിലാണ്. പക്ഷേ, അറുപതു കഴിഞ്ഞവരാണ് അവരുടെ സമൂഹത്തിൽ ഭൂരിഭാഗവും. സമൂഹത്തെ നാളെ മുന്നോട്ടുനയിക്കാൻ ചെറുപ്പക്കാരില്ലാത്ത അവസ്ഥയാണ് അവർക്കുള്ളത്. സാങ്കേതികമികവിൽ ലോകത്തെ ഞെട്ടിച്ച ജപ്പാനിലും വൃദ്ധന്മാരാണ് കൂടുതലുള്ളത്. ചെറിയ ഒരു ശതമാനം മാത്രമേ ചെറുപ്പക്കാരുള്ളൂ. ഈ അവസ്ഥ ഇവിടെ കേരളത്തിൽ ഉണ്ടാകാൻ പാടുണ്ടോയെന്ന് നാം ചിന്തിക്കണം.

കേരളത്തിൽ ക്രൈസ്തവ സാമുദായിക ജനസംഖ്യാ കണക്കെടുപ്പ് നടപ്പാക്കണം. കേരളത്തിൽ ക്രൈസ്തവർക്ക് പല കാരണങ്ങൾകൊണ്ടും സാമൂഹികനീതി നിഷേധിക്കപ്പെടുന്നുണ്ട്‌. ക്രൈസ്തവ ജനസംഖ്യ കേരളത്തിൽ കുറയുന്നതിന്റെ പ്രധാനകാരണം, ഒരു കുട്ടി മാത്രമുള്ള സാമൂഹികപരിഷ്കാരങ്ങൾക്കായി പ്രചാരണത്തിൽ പെട്ടുപോയതുകൊണ്ടാണ്. സംസ്ഥാനത്തെ മറ്റു ന്യൂനപക്ഷസമുദായങ്ങളെ അപേക്ഷിച്ച് മതിയായ സർക്കാർ സംരക്ഷണത്തിന്റെ അഭാവം ക്രൈസ്തവർ നേരിടുന്നു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പോലും സർക്കാർ നടപ്പിലാക്കിയില്ല.

ജനാധിപത്യത്തില്‍ ജനങ്ങളുടെ ബലമാണ്‌ പ്രധാനം. മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ കാലത്തിനൊത്തു ചിന്തിക്കാന്‍ കഴിവുളളവരെ വളർത്താൻ ക്രൈസ്തവനേതൃത്വങ്ങൾക്കു കഴിയണം. കേരളത്തിലെ ക്രൈസ്തവസഭകൾ ഒരുകാലത്ത് അവയുടെ രാഷ്ട്രീയ-സാമൂഹ്യസ്വാധീനത്തിന്റെ സുവർണ്ണകാലത്തിലെത്തുകയും ഇപ്പോൾ അവിടെനിന്നും സാവകാശം താഴേക്കിറങ്ങുകയുമാണ്. ഇന്ന് പല വിഭാഗങ്ങളായി ചിതറിക്കപ്പെട്ടുകഴിഞ്ഞു. പൊതുകാര്യങ്ങളിൽപോലും അടുക്കാൻ കഴിയാത്തവിധത്തിൽ കഴിയുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്ക് ഒന്നിക്കാൻകഴിഞ്ഞാൽ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-ആത്മീയശക്തിയായി മാറാൻ കഴിയും.

ടോണി ചിറ്റിലപ്പിള്ളി