വിശുദ്ധനാട്ടിലെ സംഘർഷത്തിൽ വലയുന്ന ജനങ്ങളോട് ഐക്യദാർഢ്യവും പങ്കാളിത്തവും പ്രകടിപ്പിക്കുന്നതിനായി ഫെബ്രുവരി പതിനെട്ടിന്, ദേശീയതലത്തിൽ ഒരു ധനശേഖരണം നടത്താൻ തീരുമാനിച്ച് ഇറ്റാലിയൻ മെത്രാൻസമിതി. നോമ്പുകാലത്തെ ആദ്യഞായറാഴ്ചയായ ഇറ്റലിയിലെ എല്ലാ ദൈവാലയങ്ങളിലും എടുക്കുന്ന നേർച്ചകാഴ്ച, വിശുദ്ധനാട്ടിൽ സംഘർഷംമൂലം ബുദ്ധിമുട്ടുന്ന ജനതയുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾക്കായി നൽകുമെന്നും ഇറ്റാലിയൻ മെത്രാൻസമിതിയുടെ അധ്യക്ഷൻ വ്യക്തമാക്കി.

മെയ് മൂന്നിനകം കാരിത്താസ് ഇറ്റലിക്ക് അയയ്ക്കുന്ന സംഭാവനകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കാരിത്താസുകളുടെ ശൃംഖലയുമായുള്ള സഹകരണത്തോടെ ഏകീകൃതരീതിയിൽ ആസൂത്രണം ചെയ്യാൻ കഴിയുമെന്ന് മെത്രാൻസമിതി അറിയിച്ചു. പ്രാദേശികസഭയുമായി കാരിത്താസ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അടിയന്തരാവസ്ഥയുടെ പ്രാരംഭഘട്ടത്തിൽ കാരിത്താസ് ജെറുസലേമിന്റെ ഇടപെടലുകളെ പിന്തുണയ്ക്കുകയും സാഹചര്യത്തിന്റെ പുരോഗതികൾ നിരീക്ഷിച്ച്, പ്രാദേശികസഭകളെ പിന്തുടരുന്നത് തുടരുന്നുണ്ടെന്നും കാരിത്താസ് ഇറ്റലിയുടെ ഡയറക്ടർ ഫാ. മാർക്കോ പാഗ്നിയല്ലോ വെളിപ്പെടുത്തി.

ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമായി പ്രാദേശിക അധികാരികളുമായി ചേർന്ന് വിവിധ സംരംഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 18-നു നടത്തുന്ന ധനശേഖരണം ഇറ്റലിയിലെ ഇടവക സമൂഹങ്ങളിൽ അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിലയേറിയ അവസരമാണ്. ഇതിനായി രൂപതകൾക്ക് സഹായം നൽകിക്കൊണ്ട് പോസ്റ്ററുകളും കാരിത്താസ് ഇറ്റലി തയ്യാറാക്കിവരുന്നു.