ക്രിസ്ത്യാനികൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തെ ലജ്ജാകരമാക്കുന്നു എന്ന് അബുജയിലെ ആർച്ചുബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. ഫെബ്രുവരി ഒന്നിന് നൈജീരിയയിൽ രണ്ട് കത്തോലിക്കാ പുരോഹിതരെ തട്ടിക്കൊണ്ടു പോയതിനെതുടർന്ന് രാജ്യം നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചു ശക്തമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ബോക്കോ ഹറാം വിമതരും, ഇടയൻ സൈന്യവും, കൊള്ളക്കാരും, തട്ടിക്കൊണ്ടുപോയവരും, അജ്ഞാതരായ തോക്കുധാരികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരത അഴിച്ചുവിടുന്നത് തുടരുകയാണ്. വർധിച്ച അരക്ഷിതാവസ്ഥ നമ്മുടെ രാജ്യത്തെ വേട്ടയാടുന്നതു തുടരുന്നു. ഇത് തടയാനാകാത്തത് ലജ്ജാകരമാണ്. ഇപ്പോൾ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന അക്രമം നടത്തുന്നവരെ നിയന്ത്രിക്കാനുള്ള കഴിവ് സർക്കാരിനു നഷ്ടപ്പെട്ടിരിക്കുന്നു” – അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ തട്ടിക്കൊണ്ടുപോകലുകൾ നൈജീരിയയിലെ ഇത്തരം സംഭവങ്ങളുടെ നീണ്ടനിരയിൽ അവസാനത്തേതാണ്. ഫെബ്രുവരി രണ്ടിലെ, കോൺഗ്രിഗേഷൻ ഓഫ് മിഷനറീസ് സൺസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരിയുടെ (CMF) പ്രസ്താവനപ്രകാരം, ഫാ. കെന്നത്ത് കൻവയെയും ഫാ. ജൂഡ് നവാചുകിനെയും അവർ സേവിച്ചിരുന്ന ഇടവക റെക്ടറിൽനിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

നൈജീരിയയിലെ തട്ടിക്കൊണ്ടുപോകൽ പ്രതിഭാസത്തെ ‘ഒരു പകർച്ചവ്യാധി’ എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. 2019 മുതൽ 17,469 നൈജീരിയക്കാരെ തട്ടിക്കൊണ്ടു പോയതായി സിവിൽ സൊസൈറ്റി ജോയിന്റ് ആക്ഷൻ ഗ്രൂപ്പ് എന്നറിയപ്പെടുന്ന സിവിൽ സൊസൈറ്റി സംഘടനകളുടെ കൺസോർഷ്യത്തിൽനിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്നു. പ്രസിഡൻറ് ബോളയുടെ സ്ഥാനാരോഹണത്തിനുശേഷം 2,423 പേർ കൊല്ലപ്പെട്ടതായും 1,872 പേരെ തട്ടിക്കൊണ്ടു പോയതായും ഈ സൊസൈറ്റി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.