ഹൂതികളുടെ ആക്രമണം നേരിടാനെന്ന പേരില്‍ ചരക്കുകപ്പലിന് അകമ്പടിയുമായി ചൈനീസ് യുദ്ധക്കപ്പല്‍ വീണ്ടും ചെങ്കടലില്‍. ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ യമനിലെ ഹൂതികളുടെ ആക്രമണം തടയുന്നതിനാണ് യുദ്ധക്കപ്പല്‍ ചെങ്കടലില്‍ കയറിയതെന്നാണ് ചൈന നല്‍കുന്ന വിശദീകരണം.

ഇസ്രായേലിന്റെയും അവര്‍ക്ക് പിന്തുണ നല്‍കുന്നവരുടെയും കപ്പല്‍ മാത്രമേ ആക്രമിക്കൂവെന്നാണ് ഹൂതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക അടക്കമുള്ളവരുടെ കപ്പല്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളില്‍ നിന്നും ചരക്കുകപ്പലുകളെ രക്ഷിക്കാന്‍ ഇന്ത്യയും യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

ചൈനയുടെയും റഷ്യയുടെ കപ്പലുകള്‍ ആക്രമിക്കില്ലെന്ന് ഹൂതികള്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുക എന്നതിനപ്പുറം ശക്തിപ്രകടനവും മേഖലയില്‍ സ്വാധീനമുറപ്പിക്കലുമാണ് ചൈനയുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.