യുനെസ്‌കോയുടെ പൈതൃക ബഹുമതി സ്വന്തമാക്കി ഗുജറാത്ത് സ്വദേശിയായ 12-കാരൻ അയാൻ. ആഗോളതലത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അവൻ ശ്രദ്ധാലുവാണ്. ചരിത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അവന്റെ കരവിരുതിൽ വിരിയുന്ന ഓരോ ചിത്രങ്ങളും. പ്രായത്തിൽ കവിഞ്ഞ പക്വതയോടെയാണ് അയാൻ ഓരോ സൃഷ്ടിയും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത്. ലോകമൊന്നടങ്കം അവന്റെ സൃഷ്ടികൾക്കുമുൻപിൽ വിസ്മയം കൂറുകയാണ്.

വിധി വില്ലനായി എത്തുമെന്നപോലെ, അയാന്റെ ജീവിതത്തിലേക്കെത്തിയ വില്ലനായിരുന്നു ഡുചെൻ മസ്‌കുലർ ഡിസ്‌ട്രോഫി (ഡി.എം.ഡി) എന്ന അപൂർവരോഗം. എട്ടാം വയസ്സിലായിരുന്നു അയാന് രോഗം ബാധിച്ചത്. ദശലക്ഷത്തിൽ ഒരാളെമാത്രം ബാധിക്കുന്ന രോഗമാണിത്. രോഗത്തിന്റെ അപൂർവതയും ചികിത്സയുടെയും മരുന്നിന്റെയും ലഭ്യതക്കുറവും ആദ്യഘട്ടത്തിൽ അയാന്റെ ജീവിതത്തിനു മങ്ങലേല്പിച്ചു. എന്നിരുന്നാലും മകന്റെ ചികിത്സയ്ക്കായി ഏതറ്റംവരെയും പോകാൻ അവന്റെ കുടുംബം തയ്യാറായിരുന്നു. വിറ്റിലിപ്‌സോ എന്നറിയപ്പെടുന്ന മരുന്നാണ് അയാന്റെ രോഗം ഭേദമാക്കാൻ ആവശ്യമുള്ളത്. കോടിക്കണക്കിനു വിലയുള്ള ഈ മരുന്ന് യു.കെ ആസ്ഥാനമായുള്ള കമ്പനിയിൽനിന്നാണ് എത്തുന്നത്. 2.5 മുതൽ മൂന്നുകോടി രൂപ വരെ സമാഹരിച്ച് മാതാപിതാക്കൾ മകനായി മരുന്ന് ഗുജറാത്തിലെത്തിച്ചു.

അപൂർവത എന്തെന്നാൽ, ഭീമാകാരമായ ഈ തുക സമാഹരിച്ചത് അയാന്റെ മിടുക്കു കൊണ്ടായിരുന്നു; അവന്റെ കഴിവ് കൊണ്ടായിരുന്നു. അവന്റെ ചികിത്സ തുടരുന്നതിനും കഴിവുകൾ ആഘോഷമാക്കുന്നതിനുമായി മാതാപിതാക്കൾ മുംബൈയിൽ ആർട്ട് എക്‌സിബിഷൻ സംഘടിപ്പിച്ചു. ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ ഓരോ കാൻവാസും ലോകം ആവേശത്തോടെ സ്വന്തമാക്കി.

ഇന്ത്യയിലുടനീളം ചൂടപ്പംപോലെയാണ് അയാന്റെ ചിത്രങ്ങൾ വിറ്റഴിഞ്ഞത്. രോഗത്തിന്റെ വേദനകൾക്കിടയിലും കലയോടുള്ള അവന്റെ അഭിനിവേശം വർധിക്കുകയായിരുന്നു. ഇപ്പോഴിതാ, അസാധാരണമായ ഈ കഴിവിനെ അംഗീകരിക്കുകയാണ് യുനെസ്‌കോ. യുനെസ്‌കോയുടെ പൈതൃകബഹുമതിയും ഹെറിറ്റേജ് ആർട്ടിസ്റ്റ് എന്ന വിശിഷ്ടപദവിയും ലഭിച്ചിരിക്കുകയാണ് ഈ കുഞ്ഞുബാലന്. തന്റെ വേദന ചിത്രങ്ങളാക്കിയ അയാൻ, ലോകമെമ്പാടും ഡി.എം.ഡിയെക്കുറിച്ച് അവബോധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.