വ്യക്തികളുടെ പൗരത്വം തെളിയിക്കാനും വിദേശയാത്ര നടത്താനുമായി രാഷ്ട്രങ്ങൾ പുറത്തിറക്കുന്ന ഔദ്യോഗിക രേഖയാണ് പാസ്പോർട്ടുകൾ. ഇവയിൽ ചിലത് ശക്തമായ പാസ്പോർട്ടായും ചിലത് ദുർബലമായ പാസ്പോർട്ടായും പൊതുവിൽ വിലയിരുത്താറുണ്ട്. ലോകത്ത് എത്ര രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കും എന്നത് മാനദണ്ഡമാക്കിയാണ് പാസ്പോർട്ടുകളുടെ കരുത്ത് അളക്കുന്നത്. ജപ്പാന്റെ പാസ്പോർട്ടാണ് നിലവിൽ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടായി കരുതപ്പെടുന്നത്. ജപ്പാനീസ് പൗരൻമാർക്ക് നിലവിൽ 193 രാജ്യങ്ങളാണ് വിസരഹിത പ്രവേശനം അനുവദിക്കുന്നത്.

ഉപയോഗിക്കുന്ന ആളുകളുടെ എണ്ണമെടുത്താൽ ലോകത്തെ ഏറ്റവും അപൂർവമായ പാസ്പോർട്ട് എന്നവകാശപ്പെടാൻ കഴിയുന്ന മറ്റൊരു പാസ്പോർട്ടുണ്ട്. വെറും 500 ൽ താഴെ ആളുകളുടെ കൈവശം മാത്രമുള്ള ഒരു പാസ്പോർട്ട്. സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടേതാണ് ഈ പാസ്പോർട്ട്. മാൾട്ട എന്ന രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടാകാമെങ്കിലും ഇത്തരമൊരു പാസ്പോർട്ടിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാവില്ല. സവിശേഷ പദവിയുള്ള സന്ന്യാസസമൂഹമാണ് സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട. ക്രിസ്ത്യൻ നാഗരിക സംസ്കാരത്തിലെ ആദ്യകാല സ്ഥാപനങ്ങളിലൊന്നാണ് 113 രാജ്യങ്ങളിലും വിവിധ അന്താരാഷ്ട്ര സംഘടനകളിലുമായി പ്രവർത്തിക്കുന്ന ഈ സന്ന്യാസസമൂഹം. 1113ലാണ് മാർപാപ്പ ഇവരെ അംഗീകരിക്കുന്നത്. ദുരിതങ്ങളനുഭവിക്കുന്ന ജനങ്ങൾക്ക് സാമൂഹിക, മാനുഷിക മെഡിക്കൽ സേവനങ്ങൾ നൽകലാണ് ഓർഡർ ഓഫ് മാൾട്ടയുടെ ധർമ്മം. 

പ്രകൃതിദുരന്തം, മറ്റ് സംഘർഷ ബാധിത പ്രദേശം എന്നിവിടങ്ങൾ മാൾട്ട പ്രതിനിധികൾ പ്രവർത്തിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലെങ്കിലും ഐക്യരാഷ്ട്ര സഭ അംഗീകരിച്ച സ്വന്തമായി ഭരണഘടനയും പാസ്പോർട്ടുമുള്ള രാഷ്ട്രം എന്ന് വേണമെങ്കിൽ ഇവരെ വിശേഷിപ്പിക്കാം. നൈറ്റ് ഓഫ് മാൾട്ട എന്നും അറിയപ്പെടുന്ന ഇവർക്ക് സ്വന്തമായി കറൻസികളും സ്റ്റാമ്പുകളും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും വരെയുണ്ട്.