പ്രാചീനകാലത്ത് ഭൂമിയിൽ അന്യഗ്രഹ ജീവികൾ വന്നിട്ടുണ്ടെന്നും അവർ മനുഷ്യരുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നുമെല്ലാമുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നിലവിലുണ്ട്. അവയ്ക്കൊന്നും പക്ഷെ ശാസ്ത്രീയ അടിത്തറയില്ല.

എന്നാൽ 60 വർഷത്തേലേറെ കാലം മുമ്പ് കൃത്യമായി പറഞ്ഞാൽ 1963-ൽ ഒരു കൂട്ടം പുരാവസ്തു ശാസ്ത്രജ്ഞർക്ക് സ്പെയിനിൽ നിന്ന് അമൂല്യ വസ്തുക്കളുടെ ഒരു ശേഖരം കിട്ടി. വെങ്കല യുഗത്തിൽ ഉപയോഗിച്ചിരുന്ന ഒരുകൂട്ടം പാത്രങ്ങളും, കുപ്പികളും, സ്വർണത്തിലും വെള്ളിയിലും ഇരുമ്പിലും ആംബറിലുമെല്ലാമുള്ള ആഭരണങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. 

എന്നാൽ ഇപ്പോൾ ആരെയും അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. അന്ന് കണ്ടെത്തിയ ഈ നിധിയിലെ ചില വസ്തുക്കൾ നിർമിച്ചിരിക്കുന്നത് ഭൂമിയ്ക്ക് പുറത്തുന്നുള്ള ലോഹം ഉപയോഗിച്ചാണ് എന്നാണ് ആ കണ്ടെത്തൽ. എന്തായാലും ഇത് കേൾക്കുമ്പോൾ പ്രാചീന മനുഷ്യരും അന്യഗ്രഹ ജീവികളും തമ്മിൽ ബന്ധം ആരോപിക്കുന്ന കഥകൾ മനസിൽ വരുമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല.

വർഷങ്ങൾക്ക് മുമ്പ് ഈ അമൂല്യ വസ്തുക്കൾ പരിശോധിച്ചപ്പോൾ അതിലുണ്ടായിരുന്ന പൊട്ടിപ്പൊളിഞ്ഞ ഒരു വാൾപിടിയിലും ബ്രേസ് ലെറ്റിലും ഉപയോഗിച്ച ഇരുണ്ട നിറത്തിലുള്ള ലോഹം ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടു. ചിലയിടങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു അത്. ഇരുമ്പ് ഓക്സൈഡിന് സമാനമായ വസ്തുകൊണ്ട് അവ പൊതിഞ്ഞിട്ടുണ്ടെന്നും കണ്ടെത്തി. 

വർഷങ്ങൾക്കിപ്പുറം ഗവേഷകർ പറയുന്നത് ആ ലോഹങ്ങളിൽ ഭൂമിയ്ക്ക് പുറത്തുനിന്നുള്ള പദാർത്ഥങ്ങളുണ്ടെന്നാണ്. അത് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ച ഒരു ഉൽക്കാശിലയാണ് ആ ലോഹങ്ങളുടെ ഉറവിടമെന്നും ഗവേഷകർ പറയുന്നു.

വാൾ പിടിയുടെ കഷ്ണങ്ങളും C ആകൃതിയിലുള്ള ബ്രേസ്ലെറ്റും ബിസി 1400 നും ബിസി 1200 നും ഇടയിൽ നിർമിച്ചവയാണെന്നാണ് ഗവേഷകരുടെ അനുമാനം. ഈ നിധി ഒരു വ്യക്തിയുടെത് മാത്രമാവാൻ ഇടയില്ലെന്നും ഒരു ജനവിഭാഗത്തിന്റെ സ്വന്തമായിരുന്നിരിക്കണം എന്നും ഗവേഷകർ പറയുന്നു. 

വിവിധ ശാസ്ത്ര പരിശോധനകളിലൂടെയാണ് കണ്ടെത്തിയ വസ്തുക്കളിൽ അയേൺ-നിക്കൽ അലോയുടെ അളവ് കണ്ടെത്തിയത്. അവ ആരുടേതാണെന്നോ ആര് നിർമിച്ചതാണെന്നോ വ്യക്തമല്ല. ട്രബാജോസ് ഡി പ്രീഹിസ്റ്റോറിയ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.