ഹോളിവുഡ് ചിത്രം മില്ലേഴ്സ് ഗേളിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം. 2024 ജുനവരി 24-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 52 വയസ്സുള്ള നടൻ മാർട്ടിൻ ഫ്രീമാന്റെ കഥാപാത്രവും 21 വയസ്സുള്ള നടി ജെന്ന ഒർട്ടെഗയുടെ കഥാപാത്രവും തമ്മിലുള്ള രംഗമാണ് വിവാദമായത്.

അധ്യാപകനുമായി പ്രണയബന്ധത്തിൽ ഏർപ്പെടുത്ത വിദ്യാർഥിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 31 വയസ്സ് പ്രായവ്യത്യാസമുള്ള ഫ്രീമാനും ഒർട്ടെഗയും ഇത്തരത്തിൽ അഭിനയിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു. സിനിമ മുഴുവൻ കണ്ടു പൂർത്തിയാക്കാൻ സാധിച്ചില്ലെന്നാണ് ചിലരുടെ വാദം.

അതേ സമയം ഇത് സിനിമയാണെന്നും സംവിധായകന്റെയും എഴുത്തുകാരന്റെയും ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും മില്ലേഴ്സ് ഗേൾസിനെ പിന്തുണയ്ക്കുന്നവർ പറയുന്നു. അഭിനേതാക്കൾ അവരുടെ ജോലിയാണ് ചെയ്യുന്നത്, പ്രായപൂർത്തിയായവർ ആണ്, കാണാൻ സാധിക്കാത്തവർ വിട്ടുകളയുക- ചിലർ കുറിച്ചു.

ജെയ്ഡ് ഹാലി ബാർലെറ്റാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് യൂണിവേഴ്സ്, പോയിന്റ് ഗ്രേ പിക്ചേഴ്സ് എന്നിവരാണ് നിർമാണം.