ബെംഗളൂരു: ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ ലയണല്‍ മെസ്സി ഫാന്‍ ആണ്. അതുകൊണ്ട് കൂടിയാണ് ബൈജൂസില്‍ നിന്നും സാമ്പത്തിക പ്രതിസന്ധി മൂലം 2500 പേരെ പിരിച്ചുവിട്ട സമയത്ത് ബൈജൂസിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ലയണല്‍ മെസ്സിയുമായി ചേര്‍ന്ന് ഒരു പരസ്യപ്രചാരണം ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഒരു വര്‍ഷം 50 മുതല്‍ 70 ലക്ഷം ഡോളര്‍ വരെ നല്‍കിയാണ് ലയണല്‍ മെസ്സിയെ വെച്ച് പരസ്യമെടുക്കാന്‍ തീരുമാനിച്ചത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന അര്‍ത്ഥത്തില്‍ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ എന്ന പേരിലായിരുന്നു ഈ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആ പരസ്യകാമ്പയിനില്‍ നിന്നും ബൈജൂസ് പിന്മാറിയിരിക്കുകയാണ്.

2017 മുതല്‍ ഷാരൂഖ് ഖാന്‍ ബൈജൂസുമായി പരസ്യക്കരാറില്‍ ഉണ്ടായിരുന്നു. വര്‍ഷം നാല് കോടി രൂപയാണ് ഷാരൂഖിന് നല്‍കിയിരുന്നത്. പക്ഷെ ഈ പരസ്യക്കരാര്‍ 2022ല്‍ നിര്‍ത്തി. ബിസിസിഐയുമായി ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ ബൈജൂസിന്റെ ലോഗോ വെയ്‌ക്കാന്‍ കരാറുണ്ടായിരുന്നു. 2022ലാണ് ബിസിസിഐയുമായി കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയോടെ ഇതിനായി നല്‍കിയ 140 കോടിയുടെ ബാങ്ക് ഗ്യാരണ്ടി തിരിച്ചുചോദിക്കുകയാണ് ബൈജൂസ്. ഇത് കേസിലാണ്.