തൃശൂര്‍: കവിയും നിരൂപകനുമായ എന്‍.കെ ദേശം അന്തരിച്ചു. 87 വയസായിരുന്നു. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എടവിലങ്ങുള്ള മകളുടെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

1936 ഒക്ടോബര്‍ 31 ന് ആലുവയിലെ ദേശത്താണ് എന്‍. കുട്ടി കൃഷ്ണപിള്ള എന്ന എന്‍.കെ ദേശത്തിന്റെ ജനനം. കൊങ്ങിണിപ്പറമ്പില്‍ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. എല്‍.ഐ.സി ജീവനക്കാരനായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ കവിതയെഴുതി തുടങ്ങിയ എന്‍.കെ 1973-ല്‍ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. നിരവധി കവിതകള്‍ ദേശത്തിന്റേതായുണ്ട്. ഇവയില്‍ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ഉണ്ട്.

ആധുനിക കവിതയുടെ ഭാവധര്‍മങ്ങള്‍ അധികം കാണാന്‍ കഴിയുകയില്ല. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എന്‍.കെ. ദേശം നടത്തിയ വിവര്‍ത്തനം ശ്രദ്ധേയമാണ്. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികള്‍, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവര്‍ത്തനം എന്നിവയാണു പ്രധാന കൃതികള്‍.

ഉല്ലേഖത്തിന് 1982-ല്‍ ആദ്യ ഇടശേരി അവാര്‍ഡ് ലഭിച്ചു. ഓടക്കുഴല്‍ പുരസ്‌കാരം, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, വെണ്ണിക്കുളം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ആശാന്‍ സ്മാരക പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരം, സഞ്ജയന്‍ അവാര്‍ഡ്, ദാമോദരന്‍ കാളിയത്ത് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശം ഹരിശ്രീ അക്ഷരശ്ലോക സമിതി, ശ്രീമൂലനഗരം വെണ്മണി സ്മാരകം, അങ്കമാലി വി.ടി സ്മാരക ട്രസ്റ്റ് എന്നിവയുടെ സ്ഥാപക പ്രവര്‍ത്തകനാണ്.

ഭാര്യ: ലീലാവതിയമ്മ. കോതകുളങ്ങര അമ്പാട്ട് സരോവരം കുടുംബാംഗമാണ്. മക്കള്‍: ബിജു കെ. (സിവില്‍ സപ്ലൈസ് വകുപ്പ്, എറണാകുളം), ബാലു കെ. (മുന്‍സിഫ് കോടതി, എറണാകുളം), അപര്‍ണ കെ. പിള്ള.