കൊച്ചി: ആലുവ റൂറൽ എസ്പി വിവേക് കുമാർ ഇനി കൊല്ലം ജില്ലയെ നയിക്കും. ആലുവയിലെ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ആലത്തിന് തൂക്കുകയര്‍ ഉറപ്പാക്കിയ അന്വേഷണസംഘത്തിലെ തലവനാണ് ആലുവ റൂറല്‍ എസ്പിയായിരുന്ന വിവേക് കുമാര്‍. കേരളം ചർച്ച ചെയ്ത ഇലന്തൂര്‍ നരബലി കേസുൾപ്പെടെ നിരവധി കേസുകളിൽ കൃത്യമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച മികച്ച പോലീസ് ഉദ്യോഗസ്ഥാനായിരുന്നു ഇദ്ദേഹം. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിയാണ് അടുത്ത ചുമതല.

ആലുവ കേസും ഇലന്തൂര്‍ നരബലിയും കൂടാതെ, എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി സിറ്റൗട്ടില്‍ കുഴിച്ചുമൂടിയ കേസ്, ആതിര എന്ന പെണ്‍കുട്ടിയെ അതിരപ്പള്ളി വനമേഖലയിലെത്തിച്ച് സുഹൃത്ത് കൊലപ്പെടുത്തിയ കേസ്, മൂവാറ്റുപുഴയില്‍ രണ്ട് അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയ ഗോപാല്‍ മാലിക്കിനെ ഒഡീഷയില്‍ എത്തി പിടികൂടിയ സംഭവം, രണ്ടുകോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ പ്രതിയെ കൊല്‍ക്കത്തയില്‍നിന്ന് പിടികൂടിയ കേസ്, കുപ്രസിദ്ധ മോഷ്ടാവ് ബര്‍മുഡ കള്ളന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജോസ് മാത്യുവിനെ പിടികൂടിയത് തുടങ്ങി ചർച്ച ചെയ്യപ്പെട്ട നിവരധി കേസുകളുടെ അന്വേഷണത്തിന് നേതൃത്വം വഹിച്ചത് എസ്പി വിവേക് കുമാറായിരുന്നു.

കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു വിവേക് കുമാർ സ്വീകരിച്ചിരുന്നത്. അതേസമയം, എറണാകുളം ജില്ലയിൽ കാപ്പ നിയമം കൂടുതൽ ശക്തമാക്കിയതും ഇദ്ദേഹമായിരുന്നു. 36 നിരന്തര കുറ്റവാളികളെയാണ് ജയിലിലടച്ചത്. 81 പേരെ നാടുകടത്തി, ഡിവൈഎസ്പിമാരുടെ അടുത്ത് ഒപ്പിടൽ നടപടികൾക്ക് വിധേയമാക്കി. പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം, മയക്കുമരുന്ന് കുറ്റവാളിയെ ആദ്യമായി കരുതൽ തടങ്കലിലടച്ചതും റൂറൽ ജില്ലയിലാണ്. ഈ നിയമപ്രകാരം ഒന്‍പത് കുറ്റവാളികളെയാണ് കരുതൽ തടങ്കലിലാക്കിയത്. 24 പേർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 25 ഓളം കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസ് രജിസ്റ്റർ ചെയ്തു.

റൂറലിൽ ഒന്നര ലക്ഷം അതിഥി തൊഴിലാളികളെ രജിട്രേഷൻ നടത്തി. ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മെഡിക്കൽ ക്യാംപുകളും പഠനോപകരണ വിതരണവും ബോധവത്കരണ ക്ലാസുകളും നടത്തി. സ്കൂളുകളെ കരുതലോടെ സംരക്ഷിക്കാൻ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സുരക്ഷയ്ക്ക് രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് പദ്ധതി, പെൻഷൻ പറ്റിയ പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾക്ക് സമൂഹ മാധ്യമ ഗ്രൂപ്പ്, ഇങ്ങനെ നിരവധി പദ്ധതികളാണ് എസ്പി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ ജില്ലയിൽ നടന്നത്.