ന്യൂയോർക്ക്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങൾ പ്രതിഷേധവുമായി അമേരിക്കൻ ബാസ്കറ്റ്ബാൾ താരം കൈറി ഇർവിങ്. ആധുനിക ബാസ്കറ്റ്ബാളിലെ അറിയപ്പെടുന്ന താരങ്ങളിലൊരാളായ കൈറി മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഫലസ്തീൻ ചെറുത്തുനിൽപിന്റെ പ്രതീകമായ കഫിയ്യ ഷാൾ തലയിണിഞ്ഞാണ് പ​ങ്കെടുത്തത്. ഫലസ്തീനോടുള്ള ഐക്യദാർഢ്യത്തിന്റെ ശക്തമായ സൂചനയായാണ് കഫിയ്യ അണിഞ്ഞത്. ഗസ്സയിലെ ക്രൂരതകൾക്ക് ഇസ്രായേലിന് പിന്തുണ നൽകുന്ന യു.എസ് നിലപാടിൽ രാജ്യത്ത് രോഷം വർധിച്ചുവരുന്നതിന്റെ തെളിവാണ് കൈറിയു​ടെ ശക്തമായ പ്രതിഷേധം.

എട്ടു തവണ എൻ.ബി.എ ആൾസ്റ്റാറായ കൈറി ലീഗിലെ സുപ്രധാന താരങ്ങളിൽ ഒരാളാണ്. 2016ൽ ​െക്ലവ്‍ലാൻഡ് കവാലിയേഴ്സിനൊപ്പം എൻ.ബി.എ കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു. എൻ.ബി.എയിൽ 12 വർഷത്തെ അനുഭവ സമ്പത്തുള്ള താരം കവാലിയേഴ്സിനു പുറമെ ബോസ്റ്റൺ സെൽറ്റിക്സ്, ബ്രൂക്‍ലിൻ നെറ്റ്സ് എന്നിവക്കുവേണ്ടിയും കളിച്ചു. ഈ വർഷം ആദ്യത്തിലാണ് മാവെറിക്സിലേക്ക് മാറിയത്.

എൻ.ബി.എയും നിലവിലെ ടീമായ മാവെറിക്സും ഫലസ്തീനെതിരായ ആക്രമണത്തിൽ ഇസ്രായേലിന്റെ പക്ഷം ചേരുന്നവരാണെന്നതിനിടയിലാണ് മർദിതർക്കുവേണ്ടി ധീരമായ നിലപാടുമായി കൈറി രംഗത്തുവന്നതെന്നതാണ് ശ്രദ്ധേയം. വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളൊന്നും കൈറിയോട് ഉന്നയിക്ക​പ്പെട്ടില്ല. മത്സരസംബന്ധമായി മാത്രമാണ് താരം വാർത്താസമ്മേളനത്തിൽ സംസാരിച്ചത്.