കൊച്ചി: ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശി ക്രിസ്‌റ്റീനെതിരെയാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻറ് സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 1262 പേജുകളുള്ള കുറ്റപത്രത്തിൽ 115 സാക്ഷികളാണുള്ളത്. 30 ഡോക്യുമെന്റുകളും, 18 മെറ്റീരിയൽസ് ഒബ്ജക്റ്റുകളും തെളിവുകളായിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, ബലാത്സംഗം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സമയബന്ധിതമായി പഴുതടച്ച് പ്രതിക്ക് പരമാവധി ശിക്ഷലഭിക്കാവുന്ന തരത്തിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. സെപ്തംബർ 7 ന് പുലർച്ചേയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ എടുത്തു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

കുട്ടിയുടെ വീട്ടിൽ നിന്നുൾപ്പടെ മൂന്ന് മൊബൈൽ ഫോണുകളും അന്ന് രാത്രി മോഷ്ടിച്ചു. തുടർന്ന് ഇയാൾ ഒളിവിൽപോയി. ഇയാളെ തിരയുന്ന പോലീസ് സംഘത്തെക്കണ്ട് ഇയാൾ മാർത്താണ്ഡ വർമ്മ പാലത്തിനു താഴെയുള്ള പുഴയിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ക്രിസ്റ്റിൻ.