കൊച്ചി: യാത്രക്കാരനായ സ്കൂൾ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയതായി പരാതി. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി, പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനെയാണ് ആക്രമിച്ചത്. അൽസാബിത്തിന്റെ ഇടതു കൺപോളയിലും, പുരികങ്ങൾക്ക് ഇടയിലും പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റു. ആലുവ മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിന് എതിരെയാണ് പരാതി.

ഇന്ന് രാവിലെ സ്കൂളിൽ പോകുന്നതിനായി മറ്റ് കുട്ടികളോടൊപ്പം യാത്ര ചെയ്ത അൽസാബിത്തിനോട് സ്കൂൾബാഗ് ബർത്തിൽ വയ്ക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ബർത്തിൽ സ്ഥലമില്ല എന്ന് പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയെന്ന് ഈ വിദ്യാർത്ഥി പറയുന്നു. ഉടൻതന്നെ വിദ്യാർത്ഥികളും മറ്റു യാത്രക്കാരും പ്രതിഷേധ സ്വരം ഉയർത്തിയപ്പോൾ ഡ്രൈവർ ബസ് കെഎസ്ആർടിസി ഡിപ്പോയിലേക്ക് കയറ്റി. വാഹനത്തിൽനിന്ന് ഇറങ്ങിയ കണ്ടക്ടർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് കയറുകയും ചെയ്തു.

നാട്ടുകാരും വിവരമറിഞ്ഞത്തിയ കുട്ടികളുടെ രക്ഷിതാക്കളും കണ്ടക്ടർക്കെതിരെ പ്രതിഷേധം ട്ടു. വിദ്യാർഥിയെ പിന്നീട് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തി. കണ്ടക്ടർക്കെതിരെ പോലീസിലും, ചൈൽഡ് ലൈനിലും പരാതി നൽകിയതായി വിദ്യാർത്ഥിയും രക്ഷാകർത്താക്കളും പറഞ്ഞു. ഇതെ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഇതിനു മുൻപും വിദ്യാർത്ഥികൾക്ക് നേരെ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തിൽ കണ്ടക്ടർക്കെതിരെ കേസെടുത്തതായി പെരുമ്പാവൂർ പോലീസ് അറിയിച്ചു.